കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രധാനപ്രതി സ്വപ്ന സുരേഷ് വിദേശത്തേക്ക് 1,90,000 ഡോളര്‍ കടത്തിയെന്ന് കസ്റ്റംസ് കണ്ടെത്തല്‍. കോണ്‍സുലേറ്റിലെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചാണ് നിയമവിരുദ്ധമായി ഡോളര്‍ കടത്തിയത്.
ലൈഫ് മിഷന് ഇടപാടിലെ കമ്മീഷന് തുകയാണോ ഡോളറാക്കി വിദേശത്തേക്ക് കടത്തിയതെന്ന് കസ്റ്റംസ് അന്വേഷിച്ചുവരികയാണ്. അതിന്റെ ഭാഗമായി സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികളെ നിലവില്‍ കസ്റ്റംസ് ജയിലില്‍ വെച്ച് ചോദ്യം ചെയ്യുകയാണ്.
മറ്റൊരു ഭാഗത്ത് കസ്റ്റംസ് മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനേയും ചോദ്യം ചെയ്യുന്നുമുണ്ട്. ലൈഫ് മിഷന് ഇടപാടിനായി 3 കോടി 60 ലക്ഷം രൂപ ഡോളറാക്കി യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥനായ ഈജിപ്ഷ്യന്‍ സ്വദേശി ഖാലിദിന് കൈമാറിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പന് മൊഴി നല്‍കിയിരുന്നു. അതില്‍ നിന്നാണോ വിദേശത്തേക്ക് സ്വപ്ന ഡോളര്‍ കടത്തിയതെന്നാണ് കസ്റ്റംസ് പരിശോധിച്ചുവരുന്നത്.
എം.ശിവശങ്കറിനെ തുടര്‍ച്ചയായി രണ്ടാം ദിവസമാണ് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വച്ച് ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നത്.