കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് എന്‍ഐഎ കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. സ്വപ്നയടക്കം സ്വര്‍ണക്കടത്ത് കേസിലെ പത്ത് പ്രതികളുടെ ജാമ്യാപേക്ഷയാണ് ഇന്ന് പരിഗണിക്കേണ്ടിയിരുന്നത്. ഡിജിറ്റല്‍ തെളിവുകള്‍ ഇനിയും കിട്ടാനുണ്ടെന്ന് കോടതിയില്‍ എന്‍ഐഎ നിലപാടെടുത്തു. ഭാവിയില്‍ സ്വര്‍ണം കടത്താന്‍ പ്രതികള്‍ ആസൂത്രണം നടത്തി.
ഇതിനായി സരിത് രേഖകള്‍ തയ്യാറാക്കിയിരുന്നു. ഇത് സംബസിച്ച ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും എന്‍ഐഎ പറഞ്ഞു. ഇത് കണക്കിലെടുത്താണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിയത്. കാര്യമായ സംഭവങ്ങള്‍ ഒന്നും ഇല്ലാതെയാണ് എന്‍ഐഎ കോടതി നടപടികള്‍ അവസാനിച്ചത്.
ഡിജിറ്റല്‍ തെളിവുകളുടെ രേഖകള്‍ കിട്ടാന്‍ ഇനിയും സമയം എടുക്കുമെന്നാണ് എന്‍ഐഎ വാദിച്ചത്. സ്വപ്ന അടക്കം പത്ത് പ്രതികളാണ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്. അതിനിടെ കേസില്‍ 5 പ്രതികളുടെ കസ്റ്റഡി കോടതി അനുവദിച്ചു.
അബ്ദു പിടി, ഷറഫുദീന്‍ കെ ടി, മുഹമ്മദ് ഷഫീഖ്, ഹംജത് അലി, മുഹമ്മദ് അലി എന്നിവരെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം . അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി ആവശ്യപ്പെട്ടത് എങ്കിലും ബുധനാഴ്ച വരെ രണ്ട് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. വ്യാഴാഴ്ച ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കും.
അതിനിടെ കസ്റ്റംസിന് നല്കിയ മൊഴിയുടെ പകര്‍പ്പ് നല്‍കണം എന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്കിയ അപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. സ്വര്‍ണക്കടത്തു കേസിന്റെ അന്വേഷണം പൂര്‍ത്തിയാകാതെ മൊഴിപ്പകര്‍പ്പ് കൈമാറാനാകില്ലെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. സ്വപ്നയുടെ മൊഴിയിലെ വിശദാംശങ്ങള്‍ ഈ ഘട്ടത്തില്‍ പുറത്തു വിടാന്‍ കഴിയില്ല. അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തതിന് ശേഷം മൊഴിപ്പകര്‍പ്പ് നല്‍കാം എന്നും കസ്റ്റംസ് വാദിച്ചു. മൊഴി രഹസ്യ രേഖയായി കാണാനാകില്ലെന്നായിരു സ്വപ്നയുടെ വാദം. മൊഴിപ്പകര്‍പ്പ് ലഭിക്കേണ്ടത് അവകാശം ആണെന്നും സ്വപ്ന ഹൈക്കോടതിയെ അറിയിച്ചു