സ്വര്‍ണ്ണക്കടത്തിന് പിന്നിലെ കണ്ണികളുടെ ഫോണ്‍ വിളികളുടെ രേഖാചിത്രം എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ചു. ഇതനുസരിച്ച് സ്വപ്ന വിളിച്ചിരിക്കുന്നത് സന്ദീപിനെയും സരിത്തിനെയും മാത്രമാണ്. സന്ദീപ് നായരാണ് താഴേക്കിടയിലുള്ള പ്രതികളെ വിളിച്ചിരിക്കുന്നത്. റമീസ്, മുഹമ്മദ് ഷാഫി എന്നിവരാണ് സ്വര്‍ണ്ണക്കടത്ത് ഇടപാട് നിയന്ത്രിച്ചതെന്ന് ഈ ഫോണ്‍ വിളികളില്‍ വ്യക്തമാണ്. സന്ദീപ് നായര്‍ നേരിട്ട് നിര്‍ദ്ദേശം നല്‍കിയിരുന്നത് കെ.ടി. റമീസിനാണ്.
സ്വര്‍ണ്ണക്കടത്തിലെ മുകള്‍ തലങ്ങളുമായും താഴേത്തലങ്ങളുമായും ബന്ധമുള്ളത് സന്ദീപ് നായര്‍ക്കാണ്. ഇയാള്‍ നല്കിയ രഹസ്യമൊഴിയെ അന്വേഷണ സംഘം ഗൗരവത്തോടെ കാണുന്നതും അതിനാലാണ്. 27 പേരാണ് സ്വര്‍ണ്ണക്കടത്തില്‍ പങ്കാളികളായതെന്ന് ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ ചൂണ്ടിക്കാട്ടി എന്‍.ഐ.എ.പറയുന്നു. പ്രതികളെ പലരെയും കുടുക്കിയതും ഫോണ്‍ വിളികളാണ്. റമീസും മുഹമ്മദ് ഷാഫിയും കഴിഞ്ഞാല്‍ ഏറ്റവും അധികം പങ്കാളിത്തമുള്ളത് ജലാല്‍, റബിന്‍സ്, മുഹമ്മദ് അലി എന്നിവര്‍ക്കാണ്.
സ്വര്‍ണ്ണം വില്‍പ്പനയ്ക്കായി കൈമാറിയതിന്റെ ചാര്‍ട്ടും എന്‍.ഐ.എ.കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. റമീസ്, മൂന്ന് പേര്‍ക്ക് സ്വര്‍ണ്ണം കൈമാറുന്നു. മുഹമ്മദ് ഷാഫി, സെയ്ദ് അലവി, ജലാല്‍.ഇവര്‍ക്ക് ഓരോരുത്തര്‍ക്കും എത്ര കിലോഗ്രാം വച്ച് കൈമാറിയെന്നും പറയുന്നുണ്ട്. ഇവരാണ് താഴേക്കിടയിലുള്ളവര്‍ക്ക് സ്വര്‍ണം കൈമാറിയത്. സ്വര്‍ണ്ണക്കടത്തിന് പണം നിക്ഷേപിച്ചത് 11 പേര്, സ്വര്‍ണം വില്‍പ്പന നടത്തിയത് 8 പേര്, സ്വര്‍ണ്ണക്കടത്തിന് നേതൃത്വം തല്‍കിയത് മറ്റ് 8 പേര്. ഇത്തരത്തിലാണ് എന്‍.ഐ.എ.യുടെ വിലയിരുത്തല്‍.
അതേ സമയം സ്വര്‍ണ്ണക്കടത്ത് കേസില്‍ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ തകര്‍ക്കാനുള്ള ശ്രമമാണെന്ന് എന്‍.ഐ.എ ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും ഇത് സ്ഥാപിക്കാനുള്ള വസ്തുതകള്‍ പ്രഥമദൃഷ്ട്യാ കേസ് ഡയറിയില്‍ ഇല്ലെന്ന് എന്‍.ഐ.എ.കോടതി വിലയിരുത്തി. സ്വര്‍ണക്കടത്തില്‍ പണം നിക്ഷേപിച്ചതിന് തെളിവുണ്ട്. പക്ഷേ ഇത് തീവ്രവാദ ശക്തികളില്‍ നിന്ന് എത്തിയതാണെന്നതിന് തെളിവില്ല. കടത്തിയ സ്വര്‍ണത്തിന്റെ പണം ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതിന്റെ തെളിവും ഇല്ല. ഭീകര ശക്തികളുമായി ബന്ധമുണ്ടെന്ന് തെളിയിക്കാനും എന്‍.ഐ.എ.യ്ക്ക് കഴിഞ്ഞിട്ടില്ല.
പ്രതികള്‍ക്ക് വലിയ സമ്പത്ത് ഉണ്ടെന്ന് പ്രോസിക്യൂഷന് തന്നെ ആരോപിച്ചിരുന്നു. അവരുടെ ആഢംബര കാറുകളുടെയും സ്വത്തുക്കളുടെയും വിവരങ്ങള്‍ അന്വേഷണ ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്. ലാഭം നേടാനായി പ്രതികള്‍ സ്വര്‍ണം കടത്തിയെന്നാണ് ഇത് വ്യക്തമാകുന്നത്. അന്വേഷണ ഏജന്‍സിയുടെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ ചെറിയ കുറ്റം ചെയ്തവരെ കൂടുതല്‍ കാലം തടവില്‍ പാര്‍പ്പിക്കാനാവില്ലെന്നും കോടതി പറഞ്ഞു.