തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ വിവാദശബ്ദരേഖയില്‍ അന്വേഷണം ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഡിജിപിക്ക് പരാതി നല്‍കും. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണെന്നും മുഖ്യപ്രതിയെ മാപ്പുസാക്ഷിയാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നുമാണ് ഇഡി നിലപാട്. ഇഡി രേഖപ്പെടുത്തിയ എല്ലാ മൊഴികളും സ്വപ്ന വായിച്ച് കേട്ട് ഒപ്പിട്ടതാണെന്നും ശബ്ദരേഖയില്‍ പറയുന്ന ആറാം തീയതിയെന്ന ദിവസം സ്വപ്നയുടെ രേഖപ്പെടുത്തിയിട്ടില്ലെന്നും ഇഡി വ്യക്തമാക്കുന്നു. ഈ സാഹചര്യത്തലാണ് പൊലീസിനോട് ഇഡി അന്വേഷണം ആവശ്യപ്പെടുന്നത്.
എന്നാല്‍ ശബ്ദരേഖ ചോര്‍ച്ചയിലെ അന്വേഷണത്തില്‍ പൊലീസില്‍ അടിമുടി ആശയക്കുഴപ്പമാണ്. ശബ്ദം തന്റേതെനന് സ്വപ്ന തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ ഏത് വകുപ്പില്‍ കേസെടുത്ത് അന്വേഷിക്കുമെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ സംശയം. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടിയെടുക്കാനാണ് നീക്കം.
അതിനിടെ ശബ്ദം തന്റേതെന്ന് സ്വപ്ന തിരിച്ചറി!ഞ്ഞുവെന്ന ഇന്നലെ വ്യക്തമാക്കിയ ജയില്‍വകുപ്പ് ഇപ്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധന നടത്തണമെന്ന നിലപാടിലേക്കും മാറിയിട്ടുണ്ട്. പൊലീസ് അടക്കം ഉള്‍പ്പെട്ട ഗൂഡാലോചനയാണ് ശബ്ദരേഖ ചോര്‍ച്ചക്ക് പിന്നിലെന്നാണ് കോണ്‍ഗ്രസ് ആക്ഷേപം. പ്രതിപക്ഷം ശബ്ദരേഖക്ക് പിന്നില്‍ ഗൂഡാലോചന ആരോപിക്കുമ്പോള്‍ ശബ്ദരേഖയില്‍ സ്വപ്ന ഉന്നയിച്ച കാര്യങ്ങള്‍ ആയുധമാക്കുകയാണ് ഭരണപക്ഷം.