തിരുവനന്തപുരം: സ്വപ്ന സുരേഷിനെ നിയമിക്കാനുള്ള ശുപാര്‍ശ എത്തിയത് സര്‍ക്കാരില്‍ നിന്നു തന്നെയാണെന്ന് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യുസി) പരസ്യമായി പറയുന്നത് ഇതാദ്യം. സ്വപ്നയെ നിയമിച്ചതിന്റെ പഴി പിഡബ്ല്യുസിയുടെ ചുമലില്‍ വച്ചൊഴിയാന്‍ ശ്രമിച്ച സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നതാണ് ഈ വാദം. വിജിലന്‍സ് മൊഴിയെടുക്കുമ്പോഴും പിഡബ്ല്യുസി ഈ വാദമുയര്‍ത്തിയാല്‍ കെഎസ്ഐടിഐഎല്‍ പ്രതിക്കൂട്ടിലാകും.
മിക്ക പ്രധാന പദ്ധതികളിലെയും കണ്‍സല്‍റ്റന്റ് ആയ രാജ്യാന്തര സ്ഥാപനം സര്‍ക്കാരിനെതിരെ പോര്‍മുഖം തുറക്കുന്നതും സംസ്ഥാന ചരിത്രത്തില്‍ ആദ്യമാവും. കെഎസ്ഐടിഐഎല്ലിന്റെ ചെയര്മാന് കൂടിയായിരുന്ന എം.ശിവശങ്കറിന്റെ ശുപാര്‍ശപ്രകാരമാണ് സ്വപ്നയെ നിയമിച്ചതെന്ന് ചീഫ് സെക്രട്ടറിതല സമിതി കണ്ടെത്തിയിരുന്നു. ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് എംഡി ജയശങ്കര്‍ പ്രസാദ്, സ്വപ്നയുടെ ബയോഡേറ്റ അയച്ചതെന്നാണ് സൂചന.
വിലക്ക് ഉത്തരവിറങ്ങി രണ്ടു ദിവസത്തിനുള്ളില്‍ നിയമയുദ്ധത്തിലേക്ക് പിഡബ്ല്യുസി കടക്കുമെന്ന് സര്‍ക്കാര്‍ കരുതിയിരുന്നില്ല. നിയമനത്തിനു പിന്നിലെ അണിയറനീക്കങ്ങള്‍ കോടതിയിലേക്ക് വലിച്ചിഴച്ചാല്‍ പ്രശ്നമാകുമെന്ന് കണ്ട് 5 മാസത്തോളം പിഡബ്ല്യുസിയെ പ്രകോപിപ്പിക്കാതെയായിരുന്നു സര്‍ക്കാര്‍ നീക്കം.
സംസ്ഥാനത്തെ ഐടി പദ്ധതികളില്‍ നിന്നു മാത്രമാണ് വിലക്കെങ്കിലും രാജ്യത്തെ മറ്റ് സര്‍ക്കാര്‍ കണ്‍സല്‍റ്റന്‍സി ടെന്‍ഡറുകളും ഇതിലൂടെ പിഡബ്ല്യുസിക്ക് നഷ്ടമാകുമെന്ന ആശങ്കയും ഹര്‍ജിയിലുണ്ട്. എവിടെയെങ്കിലും വിലക്കുപട്ടികയില്പ്പെടുകയോ വിലക്ക് നേരിടുകയോ ചെയ്ത സ്ഥാപനങ്ങള്‍ക്ക് മിക്ക ടെന്‍ഡറുകളിലും പങ്കെടുക്കുന്നതില്‍ അയോഗ്യതയുണ്ട്. ഇക്കാരണത്താലാണ് പിഡബ്ല്യുസി അതിവേഗത്തില്‍ നിയമനടപടിയിലേക്ക് നീങ്ങിയത്.
സര്‍ക്കാര്‍ ഉത്തരവ് സ്വാഭാവിക നീതിയുടെ ലംഘനവും ഏകപക്ഷീയവുമാണെന്നു ഹൈക്കോടതിയില്‍ പിഡബ്ല്യുസി വാദിച്ചു. നടപടിക്കു മുന്‍പ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയില്ല. ഉത്തരവ് ഇറക്കുന്നതിനു മുന്‍പ് ഹിയിറങ്ങിനുള്ള അവസരവും നല്‍കിയില്ല.