‘ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ല’; സ്വപ്നയെയും റമീസിനെയും ഡിസ്ചാര്‍ജ് ചെയ്തു

തൃശൂര്‍: ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്വപ്നയെയും റമീസിനെയും ഡിസ്ചാര്‍ജ് ചെയ്തു. രണ്ടുപേര്‍ക്കും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ അറിയിപ്പ്. ഇരുവരെയും വിയ്യൂര്‍ ജയിലില്‍ തിരികെയെത്തിച്ചു. സ്വപ്നയുടെ ഭര്‍ത്താവും മക്കളും വന്നിരുന്നെങ്കിലും കാണാന്‍ അനുവദിച്ചില്ല. വയറുവേദനയെ തുടര്‍ന്നാണ് റമീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നെഞ്ചുവേദന മൂലമാണ് സ്വപ്ന ചികില്‍സ തേടിയത്.
അതേസമയം സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികള്‍ നശിപ്പിച്ച ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുത്തതായി എന്‍ഐഎ അറിയിച്ചു. സംസ്ഥാനത്തെ ഉന്നതരുമായി നടത്തിയ ചാറ്റുകളടക്കം 2000 ജിബി തെളിവുകളാണ് ഫോണ്‍, ലാപ്‌ടോപ് എന്നിവയില്‍ നിന്ന് വീണ്ടെടുത്തത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ സന്ദീപ് നായര്‍ അടക്കമുള്ളവരെ എന്‍ഐഎ ചോദ്യം ചെയ്ത് തുടങ്ങി.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ നടത്തിയ ഫോണ്‍ സംഭവങ്ങള്‍, വിവിധ ചാറ്റുകള്‍ , ഫോട്ടോകള്‍ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകളാണ് എന്‍ഐഎ വീണ്ടെടുത്തത്. സി ഡാക്കിലും ഫോറന്‍സിക് ലാബിലുമായി നടത്തി പരിശോധനയിലാണ് മായിച്ചുകളഞ്ഞ ചാറ്റുകള്‍ അടക്കം വീണ്ടെടുത്ത്. കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ മുഖ്യ തെളിവാണെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എന്‍ഐഎ കോടതിയെ അറയിച്ചു.