തിരുവനന്തപുരം: ക്രൈംബ്രാഞ്ചും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) അട്ടക്കുളങ്ങര ജയിലിലെത്തി സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തു. സ്വപ്നയുടെ ശബ്ദരേഖ പുറത്തു വന്നതിനെപ്പറ്റി അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം 11 മണിയോടെയെത്തി ഉച്ചയ്ക്കു മടങ്ങി.
കാവലിനുണ്ടായിരുന്ന വനിതാ പൊലീസാണു ശബ്ദരേഖയ്ക്കു പിന്നിലെന്നു സ്വപ്ന തന്നെ കസ്റ്റംസിനോടു വെളിപ്പെടുത്തിയതോടെ അന്വേഷണം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്നതില്‍ ക്രൈംബ്രാഞ്ചും ആശയക്കുഴപ്പത്തിലാണ്.
എറണാകുളം പ്രിന്‍സിപ്പല്‍ െസഷന്‍സ് കോടതിയാണു സ്വപ്നയെയും സരിത്തിനെയും ജയിലില്‍ ചോദ്യം ചെയ്യാന്‍ ഇഡിക്ക് അനുമതി നല്‍കിയത്. തൊട്ടുപിന്നാലെയെത്തിയ ഇഡി ഉദ്യോഗസ്ഥര്‍ 2 മണിക്കൂറോളം ചോദ്യം ചെയ്തു. ഇന്നും ചോദ്യംചെയ്യല്‍ തുടരും.
ഉന്നതരുടെ സാമ്പത്തിക ഇടപാടുകള്‍, ഡോളര്‍ കടത്തിലെ പങ്കാളിത്തം തുടങ്ങിയവ സംബന്ധിച്ച് സ്വപ്ന കസ്റ്റംസിനോടു നടത്തിയ വെളിപ്പെടുത്തലുകളിലെ അനുബന്ധ വിവരങ്ങളാണ് ഇഡി തേടുന്നത്. ശബ്ദരേഖ സംബന്ധിച്ചും വിവരങ്ങള്‍ അറിയാനുണ്ട്.
ഇതിനിടെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ സ്വപ്ന, പി.എസ്. സരിത് എന്നിവരെ ചോദ്യം ചെയ്യുമ്പോള്‍ ജയില്‍ ഉദ്യോഗസ്ഥര്‍ അടുത്തുണ്ടാകരുതെന്ന ഇഡിയുടെ ആവശ്യം കോടതി അംഗീകരിച്ചു. രാജ്യത്ത് ആദ്യമായാണ് ഇഡി ഇത്തരമൊരു ആവശ്യം ഉന്നയിച്ച് അനുവാദം നേടുന്നത്. ജയില്‍ വകുപ്പിനോടുള്ള അവിശ്വാസപ്രകടനം കൂടിയാണിത്. ജയില്‍ ഉദ്യോഗസ്ഥര്‍ അകലെനിന്നു ചോദ്യംചെയ്യല്‍ വീക്ഷിക്കുന്നതിനു തടസ്സമില്ല. 3 ദിവസം രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ ചോദ്യം ചെയ്യാനാണ് അനുവാദം.