തിരുവനന്തപുരം: നയതന്ത്ര പാഴ്സല്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ജയിലില്‍ സന്ദര്‍ശിക്കാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കും വിലക്ക്. കസ്റ്റംസിനെ വിലക്കിക്കൊണ്ടുള്ള ഡിജിപിയുടെ ഉത്തരവിനെതിരെ കസ്റ്റംസ് കോഫെപോസ ബോര്‍ഡിനു പരാതി നല്കി. കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് ജയില്‍ വകുപ്പ് നടത്തുന്നതെന്നാണ് കസ്റ്റംസിന്റെ പരാതി.
കൊഫേപോസ ചുമത്തപ്പെട്ട സ്വര്‍ണക്കടത്തുകേസ് പ്രതികള്‍ക്കു സന്ദര്‍ശകരെ അനുവദിക്കുന്നതിനു കസ്റ്റംസിന്റെ അനുമതിയോ സാന്നിധ്യമോ വേണ്ടെന്നു ജയില്‍ മേധാവി നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നു ബുധനാഴ്ച സ്വപ്ന സുരേഷിന്റെ ബന്ധുക്കള്‍ക്കൊപ്പം ജയിലിലെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ മടക്കി അയയ്ക്കുകയും ചെയ്തു.
കൊഫേപോസ പ്രതികളെ ജയിലില്‍ സന്ദര്‍ശിക്കണമെങ്കില്‍ കസ്റ്റംസിനെ മുന്‍കൂട്ടി അറിയിച്ച് അവരുടെ സാന്നിധ്യത്തില്‍ ആഴ്ചയില്‍ ഒരു ദിവസമേ അനുമതി നല്കിയിരുന്നുള്ളു. എന്നാല്‍, 1975 ല്‍ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ കൊഫേപോസ അനുബന്ധ നിയമത്തില്‍ അന്വേഷണ ഏജന്‍സികളുടെ അനുമതിയോ സാന്നിധ്യമോ വേണമെന്നു പറയുന്നില്ല. അതിനാല്‍ ജയില്‍ ചട്ടപ്രകാരം കൂടിക്കാഴ്ച അനുവദിക്കാമെന്നാണു ജയില്‍വകുപ്പിന്റെ വിശദീകരണം. അത്തരം വ്യവസ്ഥയുണ്ടെങ്കില്‍ കസ്റ്റംസ് രേഖ ഹാജരാക്കട്ടെയെന്നായിരുന്നു ജയില്‍ വകുപ്പിന്റെ നിലപാട്. ജയില്‍ വകുപ്പിന്റെ ഈ നീക്കം സ്വര്‍ണക്കടത്തുകേസ് അട്ടിമറിക്കാനാണെന്നു കസ്റ്റംസ് പരാതിപ്പെട്ടിരുന്നു.
സ്വപ്നയുടെ ശബ്ദരേഖ പുറത്തു വന്നതു മുതല്‍ ജയില്‍ വകുപ്പും കേന്ദ്ര ഏജന്‍സികളും തമ്മില്‍ ഉരസല്‍ തുടങ്ങിയതാണ്. പ്രതികളെ ചോദ്യം ചെയ്യണമെങ്കില്‍ അന്വേഷണ ഏജന്‍സികള്‍ വിഡിയോ ചിത്രീകരിക്കാനുള്ള സംവിധാനങ്ങള്‍ കൊണ്ടുവരണമെന്ന ജയില്‍ മേധാവിയുടെ ഉത്തരവിനും പിന്നാലെയാണു സന്ദര്‍ശനത്തില്‍ കസ്റ്റംസിനെ വിലക്കുന്നത്.