KERALALATEST

സ്വപ്നയെ ചോദ്യംചെയ്യുമ്പോള്‍ വനിതാ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ലെന്ന് കോടതിരേഖ

കൊച്ചി: മുഖ്യമന്ത്രിക്കെതിരേ മൊഴിനല്‍കാന്‍ സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിനുമേല്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ സമ്മര്‍ദംചെലുത്തിയെന്ന് വനിതാപോലീസുകാര്‍ ആരോപിക്കുന്ന ദിവസങ്ങളില്‍ വനിതാ ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിലായിരുന്നു ചോദ്യംചെയ്യലെന്ന് കോടതിരേഖ. സ്വപ്നയുടെ അഭിഭാഷകന്‍ ഇത് പരാതിയായി ഉന്നയിച്ചതിനെത്തുടര്‍ന്ന് വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍മാത്രമേ ചോദ്യംചെയ്യാവൂ എന്ന് അന്നത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയും ഇപ്പോഴത്തെ ഹൈക്കോടതി ജഡ്ജിയുമായ ഡോ. കൗസര്‍ എടപ്പഗത്ത് ഇ.ഡി.ക്ക് കര്‍ശനനിര്‍ദേശം നല്‍കുകയുംചെയ്തു. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ ഈ രേഖ ഇ.ഡി.ക്കെതിരേയുള്ള കേസില്‍ ക്രൈംബ്രാഞ്ചിന് അനുകൂലമല്ല.
ഇ.ഡി. ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തുന്നത് കേട്ടുവെന്ന് വനിതാ സിവില്‍ പോലീസ് ഓഫീസര്‍മായ സിജി വിജയനും റെജിമോളുമാണ് മൊഴിനല്‍കിയത്. 2020 ഓഗസ്റ്റ് 12, 13 തീയതികളില്‍ ഇ.ഡി. ഓഫീസിലാണ് സംഭവമെന്നാണ് മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി. ഉദ്യോഗസ്ഥര്‍ക്കെതിരേ ക്രൈംബ്രാഞ്ച് കേസ്. കേസ് റദ്ദാക്കാനും ഗൂഢാലോചന അന്വേഷിക്കാനും ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇ.ഡി.യുടെ വാദം കേട്ടശേഷം ക്രൈംബ്രാഞ്ചിന്റെ വാദം കേള്‍ക്കാന്‍ കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
ഓഗസ്റ്റ് 12, 13 തീയതികള്‍ക്കുശേഷം, സ്വപ്നയുടെ കസ്റ്റഡി നീട്ടിക്കിട്ടുന്നതിന് ഓഗസ്റ്റ് 14ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വാദം നടന്നിരുന്നു. വനിതാപോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെയാണ് ചോദ്യം ചെയ്യലെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ ആരോപിച്ചതിനെത്തുടര്‍ന്ന്, ഒരു വനിതാപോലീസ് ഓഫീസറുടെ സാന്നിധ്യമുണ്ടാകണമെന്ന് ജഡ്ജി ഇ.ഡി.ക്ക് നിര്‍ദേശം നല്‍കിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവ് ചൊവ്വാഴ്ച ഇ.ഡി. ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

Related Articles

Back to top button