കൊച്ചി: സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്നാ സുരേഷ് ആവശ്യപ്പെട്ടപ്രകാരം അഞ്ച് ഐ ഫോണുകള്‍ വാങ്ങിനല്‍കിയെന്ന് യൂണിടാക്. യു.എ.ഇ.യുടെ ദേശീയ ദിനാഘോഷത്തിന് എത്തുന്നവര്‍ക്ക് സമ്മാനമായി നല്‍കാനാണെന്നുപറഞ്ഞാണ് മൊബൈല്‍ വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ടത്.
2019 ഡിസംബര്‍ രണ്ടിന് യു.എ.ഇ. കോണ്‍സുലേറ്റ് സംഘടിപ്പിച്ച ദേശീയ ദിനാഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവര്‍ക്ക് ഇത് സമ്മാനമായി നല്കി. സി.ബി.ഐ. അന്വേഷണത്തിനെതിരേ യൂണിടാക് നല്കിയ ഹര്‍ജിയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ബില്ലും ഹാജരാക്കിയിട്ടുണ്ട്.
വടക്കാഞ്ചേരിയിലെ പദ്ധതിക്കൊപ്പം ഭാവിയിലും പദ്ധതിയുടെ കരാര്‍കിട്ടുമെന്ന പ്രതീക്ഷയിലാണ് സ്വപ്ന മുഖേന യു.എ.ഇ. കോണ്‍സുലേറ്റ് ആവശ്യപ്പെട്ടപ്രകാരം കമ്മിഷന് നല്‍കിയതെന്നും ഹര്‍ജിയില്‍ പറയുന്നു. 3.80 കോടി രൂപ യു.എസ്. ഡോളറായി 2019 ഓഗസ്റ്റ് രണ്ടിനാണ് കൈമാറിയത്. തിരുവനന്തപുരം കവടിയാറുള്ള കോഫി ഷോപ്പില്‍ വെച്ച് യു.എ.ഇ. കോണ്‍സുലേറ്റിലെ സാമ്പത്തികവിഭാഗം തലവന്‍ ഈജിപ്ഷ്യന്‍ പൗരന് ഖാലിദിനാണ് തുക കൈമാറിയത്.
68 ലക്ഷം രൂപ സന്ദീപ് നായരുടെ ഉടമസ്ഥതയിലുള്ള ഇസോമോ ട്രേഡിങ് കമ്പനിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.