തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ബുധനാഴ്ചയാണ് സ്വപ്ന മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്നും യുഎഇ കോണ്‍സുലേറ്റിന്റെ നിര്‍ദേശപ്രകാരമാണ് ബാഗേജിനായി ഇടപെട്ടതെന്നുമാണ് സ്വപ്നയുടെ വാദം.
കഴിഞ്ഞ ഒരാഴ്ചയായി കസ്റ്റംസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുന്ന സ്വപ്ന സുരേഷ്, കുരുക്ക് മുറുകുന്നത് തിരിച്ചറിഞ്ഞാണ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ജസ്റ്റീസ് അശോക് മേനോന് വീഡിയോ കോണ്‍ഫറന്‍സിങ് വഴിയായിരിക്കും കേസ് പരിഗണിക്കുക. മുതിര്‍ന്ന അഭിഭാഷകനായ വി.രാംകുമാറും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പി.വിജയകുമാറുമായിരിക്കും കസ്റ്റംസിനായി ഹാജരാവുക.
കേസിന്റെ പ്രാധാന്യം കണക്കിലെടുത്താണ് സ്റ്റാന്‍ഡിങ് കോണ്‍സലിനു പകരം മുതിര്‍ന്ന അഭിഭാഷകനും എഎസ്ജിയും കസ്റ്റംസിനായി ഹാജരാകുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയ്ക്ക് സുപ്രധാന പങ്കുണ്ടെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമുള്ള നിലപാടായിരിക്കും കസ്റ്റംസ് സ്വീകരിക്കുക. സ്വപ്നയ്ക്ക് ജാമ്യം അനുവദിച്ചാല്‍ കേസിലെ തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും കസ്റ്റംസ് ചൂണ്ടിക്കാണിക്കും. കസ്റ്റഡിയിലുള്ള സരിതിനെയും സ്വപ്നയെയും ഒരുമിച്ച് ചോദ്യം ചെയ്താല്‍ കേസിലെ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് കസ്റ്റംസിന്റെ കണക്കുകൂട്ടല്‍.