BREAKING NEWSKERALA

സ്വപ്‌നയും റമീസും ഉള്‍പ്പടെയുള്ള സംഘത്തിന് ദാവൂദുമായി ബന്ധമെന്ന് എന്‍.ഐ.എ.

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ബന്ധമുണ്ടെന്ന് എന്‍.ഐ.എ. ഇതിന്റെ സൂചനകള്‍ ലഭിച്ചതായി അന്വേഷണസംഘം കോടതിയില്‍ ബോധിപ്പിച്ചു.
കേസിലെ പ്രധാന പ്രതികളിലൊരാളായ കെ.ടി. റമീസ് വിദേശത്തുനിന്ന് ആയുധങ്ങള്‍ കേരളത്തിലേക്കു കടത്തിയിട്ടുണ്ട്. പ്രതികളുടെ ജാമ്യഹര്‍ജികളുടെ വാദത്തിനിടയിലാണ് എന്‍.ഐ.എ. ഇക്കാര്യങ്ങള്‍ ബോധിപ്പിച്ചത്. പ്രതികളുടേത് ഗുരുതര ക്രിമിനല്‍ പ്രവൃത്തിയാണെന്നു നിരീക്ഷിച്ച കോടതി ഇവര്‍ക്കുമേല്‍ യു.എ.പി.എ. ചുമത്താനുള്ള കാര്യങ്ങള്‍ വിശദമാക്കാന്‍ ആവശ്യപ്പെട്ടു.
അന്വേഷണത്തിന്റെ ഭാഗമായി 90ഓളം ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്ന് എന്‍.ഐ.എ. അറിയിച്ചു. ഇതില്‍ 22 ഡിജിറ്റല്‍ ഉപകരണങ്ങളില്‍നിന്നുള്ള രേഖകള്‍ മാത്രമേ തിരിച്ചെടുക്കാന്‍ സാധിച്ചിട്ടുള്ളൂ. കേസ് രജിസ്റ്റര്‍ ചെയ്തശേഷവും ചില പ്രതികള്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു. അവ തിരിച്ചെടുക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും എന്‍.ഐ.എ. പറഞ്ഞു.
അതിഗുരുതര സ്വഭാവമുള്ള കേസായിട്ടുപോലും പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഫൊറന്‍സിക് പരിശോധനാഫലം സമയബന്ധിതമായി ലഭിക്കുന്നില്ലെന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. പരിശോധനാ ഫലത്തിനായി ഒരു മാസംമുമ്പ് അപേക്ഷ നല്‍കിയിട്ടും ഇതുവരെ റിപ്പോര്‍ട്ട് ലഭിച്ചില്ലെന്നും പ്രോസിക്യൂട്ടര്‍ ധരിപ്പിച്ചു.
യു.എ.ഇ., ടാന്‍സാനിയ എന്നിവിടങ്ങളിലും ആഴത്തില്‍ അന്വേഷണം നടത്തേണ്ട കേസാണിത്. ഇതിനാവശ്യമായ സമയം ലഭിക്കണം. ഈ സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് എന്‍.ഐ.എ. പ്രോസിക്യൂട്ടര്‍ അര്‍ജുന്‍ അമ്പലപ്പറ്റ അഭ്യര്‍ഥിച്ചു. കേസിലെ 10 പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷകളില്‍ വ്യാഴാഴ്ച വാദം തുടരും.

Related Articles

Back to top button