BREAKING NEWSKERALALATEST

രഹസ്യം ചോര്‍ത്തല്‍: സ്വപ്‌നയുടെ ബന്ധങ്ങള്‍ ബഹിരാകാശത്തേക്കും

തിരുവനന്തപുരം സ്വര്‍ണക്കടത്ത് സംഘത്തില്‍പ്പെട്ടവര്‍ ഇന്ത്യയുടെ നിര്‍ണായക ബഹിരാകാശ രഹസ്യങ്ങളും ചോര്‍ത്തിയെടുത്ത് വിദേശരാജ്യങ്ങള്‍ക്കു വിറ്റതായി സംശയം. സസ്‌പെന്‍ഷനിലുള്ള എം ശിവശങ്കറും സ്വപ്നാ സുരേഷും ബംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്ത് നിരന്തരം സന്ദര്‍ശനം നടത്തിയത് ഗൂഢോദ്ദേശത്തോടുകൂടിയാണെന്ന് എന്‍ഐഎ കണ്ടെത്തിയെന്ന് അറിയുന്നു. സിപിഐ മുഖപ്രത്രമായ ജനയുഗമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയുടെ സൂപ്പര്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്റ് അനാലിസിസ് വിങും (റോ) കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും ഇതു സംബന്ധിച്ചു കണ്ടെത്തിയ വിവരങ്ങള്‍ എന്‍ഐഎയ്ക്ക് കൈമാറി. ഇതേത്തുടര്‍ന്ന് എന്‍ഐഎയുടെ ഒരു പുതിയ അഞ്ചംഗസംഘം അന്വേഷണത്തിനായി ഇവിടെ എത്തിയിട്ടുണ്ട്.
ഒരു എസ്പിയടക്കം രണ്ടംഗ എന്‍ഐഎ സംഘം സ്വര്‍ണക്കടത്തു കേസിലെ മൂന്നാം പ്രതി ഫാരിസ് ഫൈസല്‍, റബിന്‍സ്‌റജിന്‍സ് സഹോദരന്മാര്‍, അലവി എന്നിവരെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞ കുറേ ദിവസമായി ഇവിടെ തമ്പടിച്ചിട്ടുണ്ട്. ബംഗളൂരുവിലെ നിരന്തര സന്ദര്‍ശനങ്ങള്‍ക്കിടെ ഇരുവരും ഐഎസ്ആര്‍ഒയിലെ ചില പ്രമുഖ ശാസ്ത്രജ്ഞരുമായി ബിഇഎല്‍ റോഡിലെ ഒരു നക്ഷത്ര ഹോട്ടലില്‍ നിരന്തരം കൂടിക്കാഴ്ചകള്‍ നടത്തിയതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു തെളിവ് ലഭിച്ചിട്ടുണ്ട്. 2019 ഓഗസ്റ്റില്‍ സ്‌പേസ് പാര്‍ക്ക് പദ്ധതിക്ക് ശിവശങ്കറും ഐഎസ്ആര്‍ഒയ്ക്ക് വേണ്ടി എസ് സോമനാഥും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടിരുന്നു.
ഇതേത്തുടര്‍ന്നാണ് പത്താംക്ലാസുകാരിയായ സ്വപ്നയെ സ്‌പേസ്പാര്‍ക്ക് കണ്‍സള്‍ട്ടന്റായി രണ്ടര ലക്ഷത്തോളം രൂപ പ്രതിമാസ ശമ്പളത്തില്‍ നിയമിച്ചത്. ഇതിനു പിന്നാലെ ബംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്തേയ്ക്ക് നടത്തിയ സന്ദര്‍ശനങ്ങള്‍ക്കിടെ ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ന്നുവെന്നാണ് എന്‍ഐഎയ്ക്കും റോയ്ക്കും കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സിക്കും തെളിവുകള്‍ ലഭിച്ചതെന്നറിയുന്നു. വിവിധ ബഹിരാകാശ പ്രതിരോധ ഗവേഷണ രേഖകള്‍ ചോര്‍ന്നുവെന്ന് അനുമാനിക്കുന്ന തെളിവുകളുമായാണ് പുതിയ എന്‍ഐഎ അന്വേഷണസംഘം ദുബൈയില്‍ എത്തിയിട്ടുള്ളത്. ഐഎസ്ആര്‍ഒ ആസ്ഥാനം സ്ഥിതിചെയ്യുന്ന ബംഗളൂരുവിലെ അന്തരീക്ഷ ഭവനു സമീപത്ത് ബിഇഎല്‍ റോഡിലുള്ള ഒരു നക്ഷത്ര ഹോട്ടലിലാണ് ശിവശങ്കറും സ്വപ്നയും സ്ഥിരമായി താമസിച്ചിരുന്നത്. ഇവിടെ ഐഎസ്ആര്‍ഒയിലെ ചില ശാസ്ത്രജ്ഞരും വിദേശ ശാസ്ത്രജ്ഞരും ഇന്ത്യയിലെ ചില വിദേശ എംബസികളിലെ സൈനിക അറ്റാഷേമാരും ചര്‍ച്ചകള്‍ നടത്തിയതിന്റെ തെളിവുകളും ദുബൈയിലെത്തിയ എന്‍ഐഎ സംഘം കൊണ്ടുവന്നിട്ടുണ്ട്.

Tags

Related Articles

Back to top button
Close