BREAKING NEWSKERALA

ലോക്കറിലെ കോടികള്‍ ശിവശങ്കറിന്റേതെന്ന് സ്വപ്‌ന വെളിപ്പെടുത്തിയെന്ന് ഇ.ഡി.

കൊച്ചി: ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന പണം ശിവശങ്കറിന്റേതാണെന്ന് സ്വപ്നയുടെ മൊഴിയുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഹൈക്കോടതിയില്‍.
ശിവശങ്കര്‍ ഇപ്പോഴും അന്വേഷണവുമായി സഹകരിക്കുന്നില്ല. ഏത് കസ്റ്റംസ് ഉദ്യോഗസ്ഥനുമായാണ് സംസാരിച്ചതെന്ന് ഇതുവരെ പറഞ്ഞിട്ടില്ലെന്നും ഇ.ഡി.ക്കായി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു പറഞ്ഞു. ശിവശങ്കറിന്റെ ജാമ്യഹര്‍ജിയെ എതിര്‍ത്തുകൊണ്ടായിരുന്നു വാദം.
ശിവശങ്കറിനെതിരേ ആദ്യം മൊഴിനല്‍കാത്തത് എന്തുകൊണ്ടാണെന്ന് സ്വപ്ന പറഞ്ഞിട്ടുണ്ടെന്നും അത് മുദ്രവെച്ച കവറില്‍ നല്‍കാമെന്നും ഇ.ഡി. അറിയിച്ചു. എന്നാല്‍, സമ്മര്‍ദത്തെത്തുടര്‍ന്നാണ് സ്വപ്ന, ശിവശങ്കറിനെതിരേ മൊഴിനല്‍കിയതെന്നായിരുന്നു ശിവശങ്കറിനുവേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകന്‍ ജയദീപ് ഗുപ്തയുടെ വാദം. ഇരുകൂട്ടരുടെയും വാദം പൂര്‍ത്തിയായതോടെ ജസ്റ്റിസ് അശോക് മേനോന്‍ ഹര്‍ജി വിധിപറയാന്‍ മാറ്റി.
ഡിസംബര്‍ 18ന് ശിവശങ്കറും സരിത്തും നല്‍കിയ മൊഴിയും ഡിസംബര്‍ 15, 16 തീയതികളില്‍ സ്വപ്ന നല്‍കിയ മൊഴിയുമാണ് നിര്‍ണായകം. ഇതില്‍ 13ാം നമ്പര്‍ ചോദ്യത്തിന് സ്വപ്ന നല്‍കിയ ഉത്തരത്തില്‍ ലോക്കറിലെ 1.8 കോടി രൂപ ശിവശങ്കറിന്റേതാണെന്നു സമ്മതിച്ചിട്ടുണ്ട്. കൈക്കൂലിയായി ശിവശങ്കറിനു കിട്ടിയതാണ് ഈ പണം.
ലോക്കറിലെ പണത്തിന്റെ ഉടമയും കൈവശക്കാരനും ശിവശങ്കറാണ്. അതിനാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമുള്ള കേസ് നിലനില്‍ക്കും. തെളിവുണ്ടാകാതിരിക്കാന്‍ ശിവശങ്കര്‍ സ്വപ്നയുമായി സംസാരിച്ചിരുന്നത് വാട്‌സാപ്പ്, ടെലിഗ്രാം എന്നിവയിലൂടെയാണ്. അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും ഇ.ഡി. ബോധിപ്പിച്ചു.
പണം തന്റേതായതിനാലാണ് ചാര്‍ട്ടേഡ് അക്കൗണ്ടിനെക്കൂടി ഉള്‍പ്പെടുത്തി സ്വപ്നയെക്കൊണ്ട് ശിവശങ്കര്‍ സംയുക്ത ലോക്കറെടുപ്പിച്ചത്. അഥവാ, പണം സ്വപ്നയുടേതാണെങ്കിലും അത് ഒളിപ്പിക്കാന്‍ സഹായിച്ചതിലൂടെ ശിവശങ്കര്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമുള്ള കുറ്റം ചെയ്തിട്ടുണ്ട്. അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും ഇ.ഡി. വാദിച്ചു.
സ്വപ്നയിപ്പോള്‍ ചിത്രത്തിലില്ലാത്ത അവസ്ഥയാണെന്ന് ശിവശങ്കറിന്റെ അഭിഭാഷകന്‍ വാദിച്ചു. എല്ലാം ചെയ്തത് ശിവശങ്കറാണെന്നാണു പറയുന്നത്. കസ്റ്റംസുമായി സംസാരിച്ചതിനു തെളിവില്ലെന്ന് കീഴ്‌ക്കോടതി പറഞ്ഞിട്ടുണ്ട്. ചുറ്റിത്തിരിയുന്ന അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. അന്വേഷണത്തിന് അവസാനമില്ലേയെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ ചോദിച്ചു.

Related Articles

Back to top button