BREAKING NEWSKERALALATEST

ശിവശങ്കറിനെതിരേ സന്ദീപ് നായരും, സ്വപ്‌നയോട് ബെംഗളൂരുവിലേക്കു കടക്കാന്‍ നിര്‍ദേശിച്ചത് അദ്ദേഹം

കൊച്ചി: നയതന്ത്രപാഴ്‌സല്‍ സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ട ശേഷം ബെംഗളൂരുവിലേക്ക് ഒളിച്ചു കടക്കാന്‍ മുഖ്യപ്രതി സ്വപ്ന സുരേഷിനു നിര്‍ദേശം നല്‍കിയതു മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറാണെന്ന സൂചന നല്‍കി കൂട്ടുപ്രതി സന്ദീപ് നായരുടെ മൊഴി. പാഴ്‌സലില്‍ കസ്റ്റംസ് സ്വര്‍ണം കണ്ടെത്തിയതോടെ മുങ്ങിയ സ്വപ്നയും സന്ദീപും കൊച്ചിയില്‍ ഒളിവില്‍ കഴിയുമ്പോഴാണു സന്ദീപിന്റെ ഫോണിലേക്കു ജൂലൈ 6നു ശിവശങ്കര്‍ വിളിച്ചത്. സ്വപ്നയ്ക്കു ഫോണ്‍ കൈമാറാന്‍ പറഞ്ഞ ശിവശങ്കര്‍, ദീര്‍ഘനേരം സ്വപ്നയുമായി സംസാരിച്ചു.
അതിനു ശേഷമാണു ബെംഗളൂരുവിലേക്കു പോകാമെന്നു സ്വപ്ന തന്നോടു നിര്‍ദേശിച്ചതെന്നു സന്ദീപ് പറഞ്ഞു. ബെംഗളൂരുവില്‍ എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും ഒപ്പമുള്ള ഭര്‍ത്താവിനെയും മക്കളെയും കൂടെ കൊണ്ടുപോകാമെന്നും സ്വപ്ന പറഞ്ഞു.
അറസ്റ്റ് ഒഴിവാക്കാന്‍ പ്രതികള്‍ തിരുവനന്തപുരത്തു നിന്നും ബെംഗളൂരുവിലെത്തിയതിന്റെ വിശദാംശങ്ങള്‍ മജിസ്‌ട്രേട്ട് മുന്‍പാകെ സന്ദീപ് നല്‍കിയ രഹസ്യമൊഴിയിലുമുണ്ട്. മുദ്രവച്ച കവറില്‍ ഈ മൊഴികള്‍ എന്‍ഐഎ കോടതിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയാല്‍ കോടതിയില്‍ കീഴടങ്ങാനായിരുന്ന തീരുമാനം. എന്നാല്‍ ശിവശങ്കറുമായി ഫോണില്‍ സംസാരിച്ച ശേഷം സ്വപ്ന തീരുമാനം മാറ്റിയതായും സന്ദീപ് വെളിപ്പെടുത്തി.
ലോക് ഡൗണ്‍ പശ്ചാത്തലത്തില്‍ സംസ്ഥാനാന്തര യാത്രയ്ക്കു റജിസ്‌ട്രേഷനും പാസും ആവശ്യമായിരുന്ന സമയത്താണു സ്വപ്ന സംസ്ഥാനം വിട്ടത്.ഇതേസമയം, ഒളിവില്‍ കഴിയുമ്പോള്‍ സന്ദീപിന്റെ ഫോണിലേക്കു വിളിച്ചു ശിവശങ്കര്‍ തന്നോടു സംസാരിച്ചതായി സ്വപ്ന ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker