തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ശബ്ദ സന്ദേശം പുറത്തുവന്ന സംഭവത്തില്‍ അന്വേഷണത്തിന് സാധ്യതയില്ലെന്ന് പോലീസിന്റെ വിലയിരുത്തല്‍. നിയമലംഘനം നടന്നിട്ടില്ലെന്നാണ് പോലീസിന്റെ നിഗമനം. അന്വേഷണത്തിന് സാധ്യതയുണ്ടോയെന്ന് നിയമോപദേശം തേടും. ശബ്ദരേഖ വ്യാജമല്ലാത്തതിനാല്‍ കുറ്റകൃത്യമായി കണക്കാക്കാനാകില്ലെന്നാണ് പോലീസിന്റെ നിലപാട്.
സ്വപ്നയുടെ ശബ്ദരേഖ എങ്ങനെയാണ് വെബ്പോര്‍ട്ടലിന് ലഭിച്ചത്, ഇത് റെക്കോഡ് ചെയ്ത വ്യക്തി, തീയതി, സ്ഥലം ഇക്കാര്യങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് ജയില്‍ ഡിജിപി ഋഷിരാജ് സിങ്, പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് കത്ത് നല്‍കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്വേഷണത്തിന് സാധ്യത കുറവാണെന്ന വിലയിരുത്തലിലാണ് പോലീസ്.
ശബ്ദരേഖ വ്യാജമല്ലെന്നും ഇതിലെ പരാമര്‍ശങ്ങള്‍ കുറ്റകൃത്യ സ്വഭാവമുള്ളതല്ലെന്നും അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ നിയമലംഘനമില്ല എന്ന വിലയിരുത്തലിലാണ് പോലീസ്. കുറ്റകൃത്യം എന്ന നിലയില്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ പരിമിതികളുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. എന്നാല്‍ ഇക്കാര്യത്തില്‍ വിശദമായ നിയമോപദേശം തേടും. അതിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ ഒരു തീരുമാനത്തിലേക്ക് പോലീസ് പോകുക.