BREAKING NEWSKERALALATEST

സ്വപ്‌നയുടെ മൊഴി ചോര്‍ത്തിയത് ധനമന്ത്രിയുടെ സ്റ്റാഫോ?

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ മൊഴി ചോര്‍ന്നതുമായി ബന്ധപ്പെട്ട് ധനമന്ത്രി തോമസ് ഐസക്കിന്റെ പഴ്‌സണല്‍ സ്റ്റാഫിലെ ഒരാളില്‍നിന്ന് കസ്റ്റംസ് മൊഴിയെടുത്തു. മൊഴിപ്പകര്‍പ്പ് പരസ്യപ്പെടുത്തിയതില്‍ ഒരാളാണ് ഇദ്ദേഹമെന്ന് വ്യക്തമായതിനെത്തുടര്‍ന്നാണിത്. കസ്റ്റംസിനുള്ളില്‍നിന്നാണ് ഇയാള്‍ക്ക് മൊഴിപ്പകര്‍പ്പ് എത്തിയതെന്നാണ് സംശയം.
സ്വപ്നാ സുരേഷിന്റെ 33 പേജുള്ള മൊഴിയില്‍ മൂന്നുപേജാണ് പുറത്തായത്. ഇത് ജനം ടി.വി. കോഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാരെക്കുറിച്ച് മാത്രമുള്ളതായിരുന്നു. അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെയായിരുന്നു മൊഴിപ്പകര്‍പ്പ് ചോര്‍ന്നത്.
സ്വര്‍ണക്കടത്ത് അന്വേഷണസംഘത്തിലെ അസിസ്റ്റന്റ് കമ്മിഷണറെ പ്രിവന്റീവിന്റെ ചുമതലയില്‍നിന്ന് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. മൊഴി പുറത്തായതിനെത്തുടര്‍ന്നാണ് ഇതെന്നാണ് സൂചന. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ആസ്ഥാനം, അന്വേഷണസംഘം എന്നിവടങ്ങളില്‍നിന്നാണ് മൊഴി ചോര്‍ന്നതെന്ന് വ്യക്തമായതിനു പിന്നാലെയായിരുന്നു ധനമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫില്‍നിന്ന് വിവരങ്ങള്‍ തേടിയത്.
മൊഴിപ്പകര്‍പ്പ് ലഭിച്ചതും അത് പങ്കുെവച്ചതും പഴ്‌സണല്‍ സ്റ്റാഫ് അംഗം നിഷേധിച്ചില്ല. തനിക്ക് സാമൂഹികമാധ്യമത്തിലൂടെ ലഭിച്ചതാണെന്നും ഭവിഷ്യത്ത് അറിയാതെ ചിലര്‍ക്ക് ഫോര്‍വേഡ് ചെയ്‌തെന്നും ഇയാള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.
അന്വേഷണത്തെ തടസ്സപ്പെടുത്തല്‍, രഹസ്യങ്ങള്‍ ചോര്‍ത്തല്‍ എന്നിവയുള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്താവുന്ന കുറ്റമാണിതെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ പറഞ്ഞു. മൊഴി പുറത്തായത് വിവാദമായതിനെത്തുടര്‍ന്ന് അന്വേഷണസംഘത്തിലുള്‍പ്പടെയുള്ളവരുടെ ഡിജിറ്റല്‍ റെക്കോഡുകള്‍ കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ പരിശോധിച്ചിരുന്നു. മൊഴിപ്പകര്‍പ്പ് ആര്‍ക്കൊക്കെ കൈമാറിയെന്നതിന്റെ ‘ഡിജിറ്റല്‍ റൂട്ട്മാപ്പ്’ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മറ്റു മന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളില്‍നിന്നും വിവരങ്ങള്‍ ആരായാനിടയുണ്ട്. ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് കസ്റ്റംസും കേന്ദ്ര ഏജന്‍സികളും അന്വേഷിക്കുന്നുണ്ട്.
കസ്റ്റംസ് പ്രാഥമിക അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തരവിദേശകാര്യ മന്ത്രാലയങ്ങള്‍ക്ക് നല്‍കും. ആവശ്യമെങ്കില്‍ സി.ബി.ഐ. അന്വേഷണത്തിനും ശുപാര്‍ശ ചെയ്‌തേക്കും.

Related Articles

Back to top button