KERALALATEST

സ്വപ്‌നയ്ക്ക് മെഡിക്കല്‍ കോളേജില്‍ ചര്‍ച്ചയ്ക്ക് സൗകര്യമൊരുക്കിയത് എ സി മൊയ്തീന്‍ നേരിട്ടെത്തി; ആരോപണവുമായി അനില്‍ അക്കര

qnതൃശൂര്‍: സ്വപ്നയുടെ ആശുപത്രിവസത്തില്‍ ദുരൂഹതയുണ്ടെന്ന് അനില്‍ അക്കര എംഎല്‍എ . സ്വപ്ന സുരേഷിന് മെഡിക്കല്‍ കോളേജില്‍ ചര്‍ച്ചക്ക് സൗകര്യമൊരുക്കിയത് മന്ത്രി മൊയ്തീന്‍ നേരിട്ടെത്തിയാണെന്നും എംഎല്‍എ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് എംഎല്‍എയുടെ ആരോപണം.
സ്വപ്ന സുരേഷിന് മെഡിക്കല്‍ കോളേജില്‍ ചര്‍ച്ചയ്ക്ക് സൗകര്യമൊരുക്കിയത് മന്ത്രി മൊയ്തീന്‍ നേരിട്ടെത്തിയാണ്. ഇല്ലാത്ത പരിപാടി തട്ടിക്കൂട്ടി വന്നത് സ്ഥലം എംഎല്‍എ, എംപി എന്നിവരെ ഒഴിവാക്കിയാണ്. ജില്ലാ കളക്ടര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ എന്നിവര്‍ക്കും ഈ വിഷയത്തില്‍ പങ്കുണ്ടെന്നും അനില്‍ അക്കരെ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു.
കഴിഞ്ഞ ഏഴിനാണ് സ്വപ്ന സുരേഷിനെ നെഞ്ചുവേദനയെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആറ്ദിവസത്തെ ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ ദിവസം സ്വപ്ന ആശുപത്രി വിട്ടിരുന്നു. മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നുളള ശാരീരികാസ്വാസ്ത്യമായിരുന്നു സ്വപ്നക്ക് ഉണ്ടായിരുന്നതെന്നും ഇസിജിയില്‍ നേരിയ വ്യതിയാനമുണ്ടായിരുന്നുവെന്നും ഡോക്ടര്‍മാര്‍ അന്ന് വ്യക്തമാക്കിയിരുന്നു. ഈ ദിവസങ്ങള്‍ക്കിടെ കോളേജിലെത്തിയ മന്ത്രി സ്വപ്നയ്ക്ക് ചര്‍ച്ചയ്ക്ക് അവസരമൊരുക്കിയെന്നാണ് അനില്‍ അക്കരയുടെ ആരോപണം .
ആറ് ദിവസത്തെ ചികിത്സക്ക് ശേഷമാണ് ഇവര്‍ ആശുപത്രിയില്‍ നിന്ന് മടങ്ങിയത്. എന്നാല്‍ വീണ്ടും നെഞ്ചുവേദന അനുഭവപ്പെട്ടുവെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഇവരെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും സ്വപ്നക്കില്ലെന്നാണ് ഡോക്ടര്‍മാരുടെ പ്രതികരണം.
ആദ്യതവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ സ്വപ്ന നിരവധി ഫോണ്‍കോളുകള്‍ ചെയ്തിരുന്നുവെന്നും പല ഉന്നതരുമായി ബന്ധപ്പെട്ടിരുന്നുവെന്നും നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ ഉന്നതരുമായാണ് ഇവര്‍ ഫോണില്‍ സംസാരിച്ചിരുന്നത്. അനില്‍ അക്കരെ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സ്വപ്നയുടെ ആശുപത്രിവാസവും ഫോണ്‍കോളുകളുമായി ബന്ധപ്പെട്ട് നേരത്തെ ഉന്നയിച്ച ആരോപണത്തിന് പിന്നാലെയാണ് പുതിയ ആരോപണം.
നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം.അതേസമയം സ്വപ്നക്ക് പിന്നാലെ റമീസിനേയും ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വയറുവേദനയെ തുടര്‍ന്നാണ് റമീസിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് നിലവില്‍ ഡോക്ടര്‍മാരടക്കം വ്യക്തമാക്കുന്നത്.

Tags

Related Articles

Back to top button
Close