BREAKING NEWSKERALA

സ്വപ്‌ന സുരേഷ് ആശുപത്രിയില്‍ നിന്ന് ഭരണത്തിലെ ഉന്നതനുമായി ബന്ധപ്പെട്ടു

തൃശ്ശൂര്‍: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന ഫോണില്‍ ഭരണതലത്തിലെ ഉന്നതനുമായി ബന്ധപ്പെട്ടന്ന് വിവരം.ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകയുടെ മൊബൈലിലേക്ക് എത്തിയ സന്ദേശം സ്വപ്നയെ കാണിക്കുകയും അതിന് റെക്കോഡ് ചെയ്ത് മറുപടി നല്‍കുകയുമാണുണ്ടായത്. ഉന്നതന്റെ മൊബൈലില്‍നിന്നയച്ച സന്ദേശം മറ്റൊരു മൊബൈല്‍ ഫോണിലാക്കിയാണ് സ്വപ്നയുടെ അടുത്തുണ്ടായിരുന്നയാളുടെ ഫോണിലേക്കയച്ചത്. സ്വപ്നയും ഉന്നതനും ഫോണിലൂടെ നേരിട്ട് സംസാരിച്ചിട്ടില്ല. ഇ.ഡി.ക്ക് സ്വപ്ന നല്‍കിയ മൊഴി എന്താണെന്നാണ് സന്ദേശത്തില്‍ ഉന്നതന്‍ ആരാഞ്ഞത്. ഇതിനു മറുപടിയാണ് സ്വപ്ന നല്‍കിയത്. ഇനി ചോദ്യംചെയ്യുകയാണെങ്കില്‍ പറയേണ്ട കാര്യങ്ങള്‍ വിവരിച്ചുള്ളതായിരുന്നു അടുത്ത സന്ദേശം. ഇത് ദൈര്‍ഘ്യമേറിയതാണ്. ഇതിന് സ്വപ്ന മറുപടി നല്‍കിയില്ല. സ്വപ്നയുടെ സമീപത്ത് ഡ്യൂട്ടിചെയ്യുന്നവരുടെ മൊബൈലുകള്‍ എന്‍.െഎ.എ.യുടെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞതവണ ആശുപത്രിയില്‍ കിടന്നപ്പോള്‍ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകയുടെ ഫോണില്‍നിന്ന് സ്വപ്ന സംസാരിച്ചിരുന്നു. വീട്ടിലേക്കു വിളിക്കാനാണെന്നു പറഞ്ഞാണ് ഫോണ്‍ വാങ്ങിയത്. ഇക്കാര്യം എന്‍.െഎ.എ.യുടെ ശ്രദ്ധയില്‍പെട്ടിരുന്നു. തുടര്‍ന്നാണ് ആശുപത്രിയില്‍ ഇത്തവണ ഡ്യൂട്ടിയിലുള്ളവരുടെ ഫോണ്‍ എന്‍.െഎ.എ. നിരീക്ഷിച്ചത്. വനിതാ ജയിലില്‍നിന്ന് പുറത്തുപോകുമ്പോള്‍ കേരള പോലീസിന്റെ സംരക്ഷണയിലായിരുന്നു സ്വപ്ന. സര്‍ക്കാരുമായും സി.പി.എമ്മുമായും ബന്ധപ്പെടുത്തിയുള്ള ആരോപണങ്ങള്‍ സ്വര്‍ണക്കടത്ത് കേസില്‍ നിലവിലുള്ളതിനാല്‍ സംസ്ഥാന പോലീസിന്റെ നീക്കങ്ങളും എന്‍.െഎ.എ. നിരീക്ഷിച്ചിരുന്നു. ആശുപത്രിയിലുള്ള സ്വപ്നയ്ക്ക് ചൊവ്വാഴ്ച ആന്‍ജിയോഗ്രാം പരിശോധന നടത്തും. തുടര്‍ച്ചയായി നെഞ്ചുവേദനയുണ്ടെന്നു പറയുന്നതിനാല്‍ ഹൃദയസംബന്ധമായ തകരാറാണോയെന്നു പരിശോധിക്കാനാണിത്. പ്രഥമപരിശോധനയിലൊന്നും എന്തെങ്കിലും അസുഖമുള്ളതായി കണ്ടിട്ടില്ല. മാനസികസമ്മര്‍ദം കാരണം ഉണ്ടാവുന്ന നെഞ്ചുവേദനയാകാമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മറ്റൊരു പ്രതി റമീസിന് ചൊവ്വാഴ്ച എന്‍ഡോസ്‌കോപ്പി പരിശോധന നടത്തും. വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച റമീസിന് സ്‌കാനിങ് അടക്കമുള്ള പരിശോധനകള്‍ നടത്തിയെങ്കിലും അസുഖകാരണം കണ്ടെത്താനായില്ല.

Tags

Related Articles

Back to top button
Close