കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിര്‍ണായക സ്വാധീനമുണ്ടായിരുന്നുവെന്ന് എന്‍.ഐ.എ. സ്വപ്ന സുരേഷിന്റെ ജാമ്യഹര്‍ജിയെ എതിര്‍ത്തുകൊണ്ടുള്ള വാദത്തിനിടെയാണ് എന്‍.ഐ.എ. ഇക്കാര്യം കോടതിയെ അറിയിച്ചത്.
സ്വര്‍ണക്കടത്തിനെ കുറിച്ച് സ്വപ്നയ്ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. ഗൂഢാലോചനയുടെ എല്ലാ ഘട്ടത്തിലും സ്വപ്ന പങ്കാളി ആയിരുന്നു. കൂടാതെ സംസ്ഥാന സര്‍ക്കാരിന്റെ സ്പേസ് പാര്‍ക്ക് പദ്ധതിയിലും സ്വപ്നയ്ക്ക് വലിയ സ്വാധീനമുണ്ടായിരുന്നെന്നും എന്‍.ഐ.എ. അറിയിച്ചിട്ടുണ്ട്
കൊച്ചിയിലെ പ്രത്യേക കോടതിയില്‍ എന്‍.ഐ.എയ്ക്കു വേണ്ടി ഹാജരാകുന്ന കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകനായ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ വിജയകുമാറാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വലിയ സ്വാധീനമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ശിവശങ്കറുമായി അടുപ്പവും ഉണ്ടായിരുന്നു. സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുമായി സാധാരണ പരിചയം മാത്രമെ ഉണ്ടായിരുന്നുള്ളുവെന്നും എന്‍.ഐ.എ. കോടതിയെ അറിയിച്ചു.
സ്വര്‍ണം കടത്തിക്കൊണ്ടുവന്ന ബാഗ് വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന, ശിവശങ്കറിനെ അദ്ദേഹത്തിന്റെ ഫഌറ്റിലെത്തി കണ്ടിരുന്നു. എന്നാല്‍ അത്തരത്തില്‍ ബാഗ് വിട്ടുകിട്ടുന്നതില്‍ ഇടപെടാന്‍ ശിവശങ്കര്‍ തയ്യാറായില്ലെന്നും എന്‍.ഐ.എ. കോടതിയില്‍ അറിയിച്ചു.
ഇതുമാത്രമല്ല, യു.എ.ഇ. കോണ്‍സുലേറ്റില്‍ സാധാരണ ഉദ്യോഗസ്ഥ എന്നതിലുപരിയുള്ള സ്വാധീനം സ്വപ്നയ്ക്കുണ്ടായിരുന്നുവെന്നും എന്‍.ഐ.എ കോടതിയെ അറിയിച്ചു. യു.എ.ഇ. എല്ലാ കാര്യങ്ങള്‍ക്കും സ്വപ്ന വേണം എന്ന ഒരു നില ആ ഓഫീസില്‍ ഉണ്ടായിരുന്നു. സ്വപ്ന രാജിവെച്ചു പോയ ശേഷം 1000 ഡോളര്‍ പ്രതിഫലത്തില്‍ അവര്‍ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും എന്‍.ഐ.എ. വ്യക്തമാക്കി.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍ക്ക് ഓരോ ഇടപാടിലും 5000 രൂപ വീതം നല്‍കിയിരുന്നതായും എന്‍.ഐ.എ. കോടതിയെ അറിയിച്ചിട്ടുണ്ട്.