BREAKING NEWSKERALANEWS

സ്വപ്‌നയുടെ ലോക്കറിലെ പണം സര്‍ക്കാര്‍ പദ്ധതിയില്‍ നിന്നു കിട്ടിയ കൈക്കൂലി

കൊച്ചി: സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറില്‍ നിന്ന് കണ്ടെടുത്ത ഒരു കോടി അന്‍പത്തിനാല് ലക്ഷം രൂപ സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയില്‍ നിന്നടക്കം കമ്മീഷനായി കിട്ടിയതെന്ന് കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തല്‍. ലൈഫ് മിഷന്‍ പദ്ധതിയില്‍ നിന്ന് മാത്രം ഒരു കോടി രൂപയാണ് കൈക്കൂലി ഇനത്തില്‍ കിട്ടിയത്. കോണ്‍സുലേറ്റിലെ വിസ സ്റ്റാമ്പിംഗ് നടപടികള്‍ക്കായി മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയതിനാണ് 50 ലക്ഷം വേറെ ലഭിച്ചത്.
സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രിയുടെ ഓഫീസിനേയും കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് സ്വപ്ന സുരേഷിന്റെ ലോക്കറില്‍ നിന്ന് കണ്ടെത്തിയ കൈക്കൂലിപ്പണം. സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതി വഴി പാവപ്പെട്ടവര്‍ക്കായി ഫ്‌ലാറ്റുകള്‍ നിര്‍മിക്കുന്നതിന് സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയതിനാണ് സ്വപ്നയ്ക്ക് ഒരു കോടി രൂപ കിട്ടിയത്. യൂണിടെക് എന്ന സ്ഥാപനമാണ് പണം നല്‍കിയതെന്നും കസ്റ്റംസിന് സ്വപ്ന നല്‍കിയ മൊഴിയിലുണ്ട്. യുഎഇയിലെ സന്നദ്ധ സംഘടനയായ എമിറേറ്റ്‌സ് റെഡ് ക്രസന്റ് പ്രളയ പുനര്‍നിര്‍മാണത്തിന്റെ ഭാഗമായിട്ടാണ് കേരളത്തിന് ഒരു കോടി ദിര്‍ഹം സഹായധനം പ്രഖ്യാപിച്ചത്. സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് യുഎഇ കോണ്‍സുലേറ്റാണ് നടപടികള്‍ ഏകോപിപ്പിച്ചത്.
യുഎഇ കോണ്‍സുല്‍ ജനറലിന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞ വര്‍ഷം തലസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ചീഫ് സെക്രട്ടറി ധാരണാപത്രം ഒപ്പിട്ടത്. ഇതില്‍ സ്വപ്ന ഇടപെട്ടാണ് യൂണിടെക് കമ്പനിക്ക് നിര്‍മാണ കരാര്‍ നല്‍കിയത്. ഇതിനുളള പാരിതോഷികമായിട്ടാണ് ഒരു കോടി ലഭിച്ചത്. എന്നാല്‍ പണം കിട്ടിയിത് കോണ്‍സല്‍ ജനറലിനാണെന്നാണ് സ്വപ്നയുടെ മൊഴി. വീടില്ലാത്ത തനിക്ക് വീടുവയ്ക്കാന്‍ കോണ്‍സല്‍ ജനറല്‍ ഒരു കോടി രൂപ തന്നു. രണ്ട് മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളില്‍ നിന്നാണ് കമ്മീഷന്‍ ഇനത്തില്‍ ശേഷിക്കുന്ന 50 ലക്ഷം കിട്ടിയതതെന്നാണ് സ്വപ്നയുടെ മൊഴി.
വിസ സ്റ്റാമ്പിങ് അടക്കമുളള നടപടികള്‍ക്ക് കോണ്‍സുലേറ്റില്‍ ഇന്ത്യന്‍ കറന്‍സി സ്വീകരിക്കില്ല. വിവിധ ആവശ്യങ്ങള്‍ക്കായി കോണ്‍സുലേറ്റില്‍ എത്തുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് കറന്‍സി കൈമാറ്റത്തിനായി രണ്ട് മണി എക്‌സ്‌ചേഞ്ച് കരാര്‍ നല്‍കിയിരുന്നു. 25 ലക്ഷം വീതം അവരില്‍നിന്ന് കമ്മീഷന്‍ കിട്ടിയെന്നാണ് മൊഴി. ഇക്കാര്യങ്ങളൊക്കെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന്റെ അറിവോടെയായിരുന്നോ എന്നും പുരിശോധിക്കുന്നുണ്ട്. മിക്കവാറും അടുത്തയാഴ്ചതന്നെ ശിവശങ്കരനെ വീണ്ടും ചോദ്യം ചെയ്യും.

Related Articles

Back to top button