സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകര്‍ സന്ദീപ് നായരും റമീസുമെന്ന് സ്വപ്ന സുരേഷിന്റെ മൊഴി.കസ്റ്റംസിനാണ് സ്വപ്ന മൊഴി നല്‍കിയത്. ദുബായില്‍വച്ചാണ് റമീസും സന്ദീപും തന്നെ പരിചയപ്പെട്ടത്. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബാങ്കിലുള്ള നിക്ഷേപം അടുത്തിടെ നടന്ന ഒരു ഡീലിന് ലഭിച്ച പ്രതിഫലമാണെന്നും സ്വപ്ന മൊഴി നല്കി. അടുത്തിടെ നടന്ന കോടികളുടെ ഇടപാടിനെ കുറിച്ച് എന്‍ഐഎയും കസ്റ്റസും അന്വേഷണം തുടങ്ങി.
യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്താന്‍ ആസൂത്രണം ചെയ്തത് റമീസിനാണെന്ന് സന്ദീപ് നായരും മൊഴി നല്കി. താന്‍ വഴിയാണ് റമീസ് സരിത്തുമായും സ്വപ്നയുമായും പരിചയപ്പെടുന്നതെന്നും സന്ദീപ് വെളിപ്പെടുത്തി. കേസില്‍ അറ്റാഷെയുടെ പങ്ക് കസ്റ്റംസ് ചോദ്യം ചെയ്യലിലും സന്ദീപ് നായര്‍ ആവര്‍ത്തിച്ചു. വ്യാഴാഴ്ച രാത്രിയാണ് സന്ദീപ് നായരെ കസ്റ്റംസ് ചോദ്യം ചെയ്തത്. വെള്ളിയാഴ്ച രാവിലെ സ്വപ്നയേയും ചോദ്യം ചെയ്തു.
അതേസമയം, സ്വര്‍ണം കടത്താന്‍ പ്രതികള്‍ 11 ഇടങ്ങളില്‍ ഒത്തുകൂടി പദ്ധതി തയ്യാറാക്കിയെന്ന് എന്ഐഎകണ്ടെത്തി. പ്രതികള്‍ ഒത്തുകൂടിയതിന്റെ ദൃശ്യങ്ങള്‍ എന്‍ഐഎയ്ക്ക് ലഭിച്ചു. രണ്ട് ഇടത്തെ ദൃശ്യങ്ങളില്‍ പ്രതികളോടൊപ്പം ശിവശങ്കറിന്റെ സാന്നിധ്യവും കണ്ടെത്തി. ഇത് എന്‍ഐഎ പരിശോധിക്കുന്നുണ്ട്.