LATESTKERALA

സ്വര്‍ണക്കടത്ത് കേസ്; സെക്രട്ടേറിയറ്റിലെ സിസി ടിവി ദൃശ്യങ്ങള്‍ എന്‍ഐഎ സംഘം ഇന്ന് പരിശോധിക്കും

സെക്രട്ടേറിയറ്റിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഇന്നെത്തും. സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ സെക്രട്ടേറിയറ്റ് സന്ദര്‍ശിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കാനാണ് സംഘമെത്തുന്നത്. രാവിലെ 10 മണിയോടെ സംഘമെത്തുമെന്നാണ് വിവരം. 2019 ജൂണ്‍ മുതല്‍ 2020 ജൂലൈ വരെയുള്ള ദൃശ്യങ്ങള്‍ സംഘം പരിശോധിക്കും.

ഇത് രണ്ടാം തവണയാണ് ഉദ്യോഗസ്ഥര്‍ സെക്രട്ടേറിയറ്റില്‍ എത്തുന്നത്. മുന്‍പ് ജൂലൈ 23ന് എന്‍ഐഎ സെക്രട്ടേറിയറ്റില്‍ നിന്ന് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കൈമാറാന്‍ സാങ്കേതികമായ തടസമുണ്ടെന്നും ആവശ്യമുള്ള ദൃശ്യങ്ങള്‍ നല്‍കാമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.

അതേസമയം സ്വപ്ന സുരേഷിന്റെ മൊഴി ചോര്‍ന്ന സംഭവം അന്വേഷിക്കാന്‍ കസ്റ്റംസ് സിബിഐയുടെ സഹായം തേടും. ഇതിനായി കേന്ദ്രത്തിന് കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥര്‍ കത്ത് നല്‍കി. മൊഴി ചോര്‍ന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് കസ്റ്റംസ് വിലയിരുത്തല്‍. മൊഴി ചോര്‍ന്നത് സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് ഉടന്‍ കൈമാറുമെന്നും വിവരം.

Related Articles

Back to top button