തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയെന്ന് സംശയിക്കപ്പെടുന്ന സ്വപ്ന സുരേഷിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ സന്ദീപിന്റെ ഭാര്യയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ‘കാര്‍ബണ്‍ ഡോക്ടര്‍’ എന്ന സ്ഥാപനത്തിന്റെ ഉടമ സന്ദീപ് നായര്‍ ഒളിവിലാണ്. രണ്ടുപേര്‍ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന സംശയത്തിലാണ് കസ്റ്റംസ്. സന്ദീപിന്റെ ഭാര്യയെ നെടുമങ്ങാട് നിന്നാണ് കസ്റ്റിഡിയിലെടുത്തത്.
സന്ദീപിന്റെ കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. കാറുകളുടെ എഞ്ചിനില്‍ നിന്ന് കാര്‍ബണ്‍ മാലിന്യം നീക്കം ചെയ്യുന്ന സ്റ്റാര്‍ട്ടപ്പായ കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനവുമായി സ്വപ്ന സുരേഷിന് എന്താണ് ബന്ധമെന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. സ്ഥാപനത്തിന്റെ ഉടമയല്ലാതിരുന്നിട്ടും സ്വപ്നയാണ് സ്പീക്കറെ ചടങ്ങിന് ക്ഷണിച്ചത്.
സ്വര്‍ണക്കടത്ത് കേസ് പുറത്തുവന്ന ശേഷം സന്ദീപ് നായര്‍ ഒളിവിലാണെന്നാണ് വിവരം. സ്ഥാപനത്തിലേക്ക് വന്നിട്ടില്ലെന്ന് മാത്രമല്ല, ഫോണ്‍ ഓഫാണ്. ജീവനക്കാര്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ സന്ദീപ് എവിടെയാണെന്ന് അറിയുകയുമില്ല. ഇതോടെ സന്ദീപിന് സ്വര്‍ണക്കടത്തില്‍ ബന്ധമുണ്ടെന്ന സംശയം ശക്തമാവുകയാണ്.