തിരുവനന്തപുരം: സംസ്ഥാനപ്രസിഡന്റ് സ്ഥാനത്തുനിന്ന് ടി.പി. പീതാംബരന് മാസ്റ്ററെ മാറ്റാനുള്ള നീക്കങ്ങള്‍ എന്‍.സി.പി.യില്‍ ശക്തമായി. സംസ്ഥാനകമ്മിറ്റിയില്‍ അദ്ദേഹത്തെ അനുകൂലിച്ചിരുന്നവര്‍ യു.ഡി.എഫിലേക്കുപോയ സാഹചര്യത്തില്‍ പുതിയ നേതൃത്വം പാര്‍ട്ടിക്കുണ്ടാവണമെന്ന ആവശ്യമാണ് ഉയര്‍ന്നിട്ടുള്ളത്.
ഫെബ്രുവരി 22ന് കൊച്ചിയില്‍നടക്കുന്ന സംസ്ഥാന ഭാരവാഹിയോഗത്തില്‍ ഈ ആവശ്യം ഉന്നയിക്കും. പാര്‍ട്ടിവിട്ടവരെ ന്യായീകരിക്കുന്ന നിലപാട് സംസ്ഥാനപ്രസിഡന്റ് സ്വീകരിക്കുന്നതിലും നേതാക്കളില്‍ അതൃപ്തിയുണ്ട്. മാണി സി. കാപ്പനെതിരേ മന്ത്രി എ.കെ. ശശീന്ദ്രന് ശക്തമായി പ്രതികരിക്കുമ്പോള്‍ അവരെ ന്യായീകരിക്കുന്ന നിലപാടാണ് പീതാംബരന് മാസ്റ്ററുടേത്.
നിയമസഭാതിരഞ്ഞെടുപ്പിനുമുമ്പ് പാര്‍ട്ടിനേതൃത്വത്തില്‍ ഉടച്ചുവാര്‍ക്കല്‍ വേണമെന്നാണ് ആവശ്യം. ഇടതുനേതൃത്വത്തിന് സ്വീകാര്യനായയാള് വേണമെന്ന പ്രചാരണവുമുണ്ട്.
പാര്ട്ടിക്കുകിട്ടിയിട്ടുള്ള കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്പ്പറേഷന് ചെയര്മാന് സ്ഥാനത്തുനിന്ന് മുന്നണിവിട്ട സുല്‍ഫിക്കര്‍ മയൂരിക്കുപകരവും കെ.എസ്.ആര്.ടി.സി. ഡയറക്ടര്‍ ബോര്‍ഡിലേക്കും പുതിയ ആളെ നിയമിക്കണം. സര്‍ക്കാര്‍ കാലാവധി തികയ്ക്കുംമുമ്പുതന്നെ ആളുകളെ മാറ്റി പാര്‍ട്ടിയെ ശക്തമാക്കണമെന്നാണ് ആവശ്യം.