ലോക്ക്ഡൌണ്‍ കാലത്ത് തനിക്ക് വന്ന വൈദ്യുതിബില്‍ കണ്ട് ഷോക്കടിച്ചിരിക്കുകയാണ് ബോളിവുഡ്നടി തപ്സി പന്നു. മൂന്ന് മാസമായി അടച്ചിട്ടിരുന്ന വീട്ടില്‍ സാധാരണ വരുന്നതിനേക്കാള്‍ പത്തിരട്ടി തുകയാണ് ബില്‍ വന്നതെന്ന് തപ്സി ട്വിറ്ററില്‍ കുറിച്ചു. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ വൈദ്യുതി ബില്ല് പങ്കുവച്ചാണ് താപ്സിയുടെ ട്വീറ്റ്.
മൂന്ന് മാസത്തെ ലോക്ഡൗണ്‍, എന്റെ വൈദ്യുതി ബില്ലില്‍ ഇത്രയും വലിയ ഉയര്‍ച്ചയുണ്ടായത് കഴിഞ്ഞ മാസം മാത്രമാണ്. ഈ മാസം ഞാന്‍ അപ്പാര്‍ട്ട്മെന്റില്‍ പുതുതായി ഉപയോഗിച്ചതോ വാങ്ങിയതോ ആയ ഉപകരണങ്ങളെന്താണെന്നാണ് ഞാന്‍ ആലോചിക്കുന്നത് എന്ന് ട്വീറ്റില്‍ തപ്സി പറഞ്ഞു.
ഏപ്രിലില്‍ 4390 ആയിരുന്നു ബില്ല്, മെയില്‍ 3850. എന്നാല്‍ ജൂണ്‍ മാസം ആയപ്പോള്‍ 36,000 രൂപയാണ് താപ്സി പാന്നുവിന് ലഭിച്ച ബില്‍. സാധാരണ ലഭിക്കുന്നതിന്റെ പത്ത് മടങ്ങാണ് ഇതെന്ന് താരം വ്യക്തമാക്കുന്നു. എന്ത് തരത്തിലുള്ള പവറിന്റെ പണമാണ് ഈടാക്കുന്നതെന്നും താപ്സി ചോദിക്കുന്നു.
ഈ അപാര്‍ട്ട്മെന്റില്‍ ആരും താമസിക്കുന്നില്ലെന്നും വൃത്തിയാക്കാനായി ഒരിക്കല്‍ മാത്രമേ അവിടെ പോയിട്ടുള്ളുവെന്നും താപ്സി മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കി. തങ്ങളുടെ അപാര്‍ട്ട്മെന്റില്‍ വേറെ ആരോ കഴിയുന്നുണ്ടെന്നും യാഥാര്‍ഥ്യം കണ്ടെത്താന്‍ സഹായിക്കണമെന്നും താപ്സി ട്വീറ്റ് ചെയ്തു. പരാതികള്‍ അറിയിക്കുന്നതിനായി ഒരു ലിങ്കാണ് വൈദ്യുതി കമ്പനി നല്‍കിയത്. എന്നാല്‍ പരാതി നല്കാന് ശ്രമിച്ചപ്പോള്‍ ആ വെബ്സൈറ്റില്‍ കയറാന്‍ പറ്റുന്നില്ലെന്നും താപ്സി വ്യക്തമാക്കി.
അഡാനി ഇലക്ട്രിസിറ്റി കമ്പനിയുടെ ഉപയോക്താവായ അവർ തന്റെ ബിൽ സഹിതം ട്വിറ്ററിൽ എഴുതിയ കുറിപ്പിനു കീഴെ സമാനരീതിയില്‍ വൈദ്യുതി ബില്‍ ലഭിച്ച പലരും പ്രതികരണവുമായി വന്നു. മുംബൈ ഉള്‍പ്പടെയുള്ള നഗരങ്ങളെ പല സോണുകളായി തിരിച്ച് ചിലയിടങ്ങളൊഴികെ വൈദ്യുതി വിതരണാവകാശം സ്വകാര്യ കമ്പനികള്‍ക്കു നല്‍കിയിരിക്കുകയാണ് മഹാരാഷ്ട്രയില്‍.