ന്യൂഡല്‍ഹി: മൂന്നു തവണ തുടര്‍ച്ചയായി അസമിന്റെ മുഖ്യമന്ത്രിയായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മികച്ച രാജ്യതന്ത്രജ്ഞനുമാണ് തിങ്കളാഴ്ച അന്തരിച്ച തരുണ്‍ ഗൊഗോയ്. ആഭ്യന്തര കലാപങ്ങളുടെ അശാന്തിയില്‍നിന്ന് പുത്തന്‍ അവസരങ്ങളിലേയ്ക്ക് സംസ്ഥാനത്തെ നയിച്ച ശക്തനായ നേതാവായിരുന്നു അദ്ദേഹം.
അസമില്‍നിന്ന് ആറു തവണ പാര്‍ലമെന്റിലെത്തിയ ഗൊഗോയ് രണ്ടുവണ കേന്ദ്രമന്ത്രിയും ആയിരുന്നു. 2001ല്‍ അസം മുഖ്യമന്ത്രിയായാണ് ഡല്‍ഹി രാഷ്ട്രീയത്തില്‍നിന്ന് അദ്ദേഹം തിരികെ അസമിലേയ്ക്കെത്തുന്നത്. പ്രഫുല്ലകുമാര്‍ മഹന്തയുടെ നേതൃത്വത്തിലുള്ള എജിപി സര്‍ക്കാരിനെ അധികാരത്തില്‍നിന്ന് താഴെയിറക്കിയാണ് ഗൊഗോയ് സര്‍ക്കാര്‍ രൂപീകരിക്കുന്നത്. യഥാര്‍ഥത്തില്‍ സ്വന്തം മികവുകൊണ്ട് കോണ്‍ഗ്രസിനെ വിജയപഥത്തിലെത്തിക്കുകയായിരുന്നു ഗൊഗോയ്.
വളരെ ദുര്‍ഘടമായ ഒരു ഘട്ടത്തിലാണ് ഗൊഗോയ് ആദ്യത്തെ തവണ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തത്. സംസ്ഥാനത്ത് കലാപങ്ങള്‍ അതിന്റെ മൂര്‍ധന്യത്തില്‍ നില്ക്കുന്ന ഘട്ടമായിരുന്നു അത്. ക്രൂരകൊലപാതകങ്ങള്‍ ദിനംപ്രതി അരങ്ങേറിയിരുന്നു. സംസ്ഥാനത്തിന്റെ വികസനപദ്ധതികള്‍ നിലച്ചിരുന്നു. ഖജനാവ് തീര്‍ത്തും കാലിയായിരുന്നു.
തന്റെ 15 വര്‍ഷത്തെ ഭരണം കൊണ്ട് അസമിന്റെ മുഖച്ഛായ മാറ്റാന്‍ ഗൊഗോയിക്കു കഴിഞ്ഞു എന്നതാണ് യാഥാര്‍ഥ്യം. കലാപങ്ങളെ അടിച്ചമര്‍ത്തി. സാമ്പത്തിക രംഗത്തെ പതിയെ പിടിച്ചുയര്‍ത്തി. നിലച്ചുപോയ വികസന പദ്ധതികള്‍ വീണ്ടും ആരംഭിച്ചു. ഇടയ്ക്ക് തലപൊക്കിയ കലാപശ്രമങ്ങളെ ഉരുക്കുമുഷ്ടികൊണ്ട് നേരിട്ടു.
ഉഷ ഗൊഗോയിയുടെയും കമലേശ്വര് ഗൊഗോയിയുടെയും മകനായി 1936ല്‍ ആണ് തരുണ്‍ ഗൊഗോയ് ജനിച്ചത്. ജോര്‍ഹത്തിലെ തേയില തോട്ടത്തില്‍ ഡോക്ടറായിരുന്നു അദ്ദേഹത്തിന്റെ അച്ഛന്. വിദ്യാഭ്യാസത്തനു ശേഷം അഭിഭാഷകനായി കുറച്ചുകാലം പ്രവര്‍ത്തിച്ച ശേഷം രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. 1968ല്‍ മുനിസിപ്പല്‍ ബോര്‍ഡിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചു.
1971ല്‍ തരുണ്‍ ഗൊഗോയിയെ ഇന്ദിരാ ഗാന്ധിയാണ് യൂത്ത് കോണ്‍ഗ്രസിന്റെ അധ്യക്ഷനാക്കുന്നത്. രാജീവ് ഗാന്ധിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഗൊഗോയ് 1991ലും 1995ലും കേന്ദ്രമന്ത്രിയായി. ആറ് തവണ അദ്ദേഹം ലോക്സഭയിലെത്തി.
2016ല്‍ അസമില്‍ ബിജെപിക്കുണ്ടായ വന്‍ വിജയത്തോടെയാണ് ഗൊഗോയ് മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് പുറത്താകുന്നത്. കോവിഡ് ബാധിതനായി ചികിത്സയില്‍ കഴിയുമ്പോഴും സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തെ ശക്തമായ ശബ്ദമാകാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഭാര്യ ഡോളി ഗൊഗോയ്, മകള്‍ ചന്ദ്രിമ ഗൊഗോയ്, മകന് ഗൗരവ് ഗൊഗോയ്.