ENTERTAINMENTTAMIL

സഹായങ്ങള്‍ക്ക് കാത്തു നില്‍ക്കാതെ തമിഴ് നടന്‍ തവസി യാത്രയായി

മധുരൈ: തമിഴ്‌സിനിമയിലെ ഹാസ്യതാരമായിരുന്ന തവസി (60) അന്തരിച്ചു. ക്യാന്‍സര്‍ ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു തവസി. കോമഡി, നെഗറ്റീവ് റോളുകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന നടനായിരുന്നു അദ്ദേഹം. മധുരൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം.
ചികിത്സയ്ക്ക് പണമില്ലെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് തവസി സംസാരിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഏറെപ്പേര്‍ വേദനയോടെ പങ്കുവച്ചിരുന്നതാണ്. തവസിയുടെ ദയനീയസ്ഥിതി ശ്രദ്ധയില്‍പ്പെട്ട തിരുപ്പറന്‍കുന്‍ട്രം എംഎല്‍എയും, തവസി ചികിത്സയില്‍ കഴിഞ്ഞിരുന്ന ആശുപത്രിയുടെ ഉടമയുമായ ഡോ. പി ശരവണന്‍ അദ്ദേഹത്തിന്റെ ചികിത്സ സൗജന്യമായിരിക്കുമെന്ന് പ്രഖ്യാപിച്ചു. സൂപ്പര്‍താരം രജനീകാന്തും നടന്‍ ശിവകാര്‍ത്തിയേകനും തവസിയുടെ ചികിത്സയ്ക്ക് സഹായം നല്‍കാമെന്ന് പ്രഖ്യാപിച്ചിരുന്നു.
ചികിത്സയ്ക്ക് സഹായം തേടിയുള്ള വീഡിയോയില്‍ തവസി പറഞ്ഞതിങ്ങനെ, ”കിഴക്കുചീമയിലൈ മുതല്‍ രജനീകാന്തിന്റെ അണ്ണാത്തെ എന്ന സിനിമയില്‍ വരെ 30 വര്‍ഷക്കാലമായി നിരവധി സിനിമകളില്‍ ഞാന്‍ അഭിനയിച്ചു. ഒരിക്കലും ഇങ്ങനെ ഒരു അസുഖം എനിക്ക് വരുമെന്നോ ആരോഗ്യസ്ഥിതി ഇത്രയ്ക്ക് മോശമാകുമെന്നോ ഞാന്‍ കരുതിയതേയില്ല. ഇപ്പോള്‍ എനിക്ക് നന്നായി സംസാരിക്കാന്‍ പോലുമാകുന്നില്ല. എന്റെ കൂടെ അഭിനയിച്ചിരുന്ന അഭിനേതാക്കളോടാണ് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്. എന്നെ സഹായിക്കണം. എനിക്കിനിയും അഭിനയിക്കണം”
2013ല്‍ ശിവകാര്‍ത്തികേയന്‍ നായകനായിരുന്ന ‘വരുത്തപ്പെടാത വാലിബര്‍ സംഘം’ എന്ന സിനിമയിലെ തവസിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Related Articles

Back to top button