BREAKINGNATIONAL

ഒരു ലോക്ക് ഡൗണ്‍ ടെക്കിയുടെ ജീവിതം മാറ്റിമറിച്ചു… ജോലിയും വീടും നാടുമുപേക്ഷിച്ച് യുവാവ്

മഞ്ഞുമൂടിയ പര്‍വതങ്ങള്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. പക്ഷേ, ആ ഇഷ്ടം അവിടെ സ്ഥിരതാമസമാക്കാന്‍ ആയിരിക്കില്ല. പകരം അവധിക്കാലത്തേക്ക് മാത്രം ഉള്ളതായിരിക്കും. എന്നാല്‍, ബംഗളൂരുവില്‍ നിന്നുള്ള ഒരു യുവാവ് ലഡാക്കിലെ പര്‍വ്വതങ്ങളില്‍ സ്ഥിരതാമസമാക്കാന്‍ ഉപേക്ഷിച്ചത് ഒരു എംഎന്‍സിയിലെ തന്റെ ഏഴു വര്‍ഷത്തെ ജോലിയാണ്. 36 -കാരനായ ഇദ്ദേഹം ഇപ്പോള്‍ താമസിക്കുന്നത് ലഡാക്കിലെ ലിക്കിര്‍ എന്ന വിദൂര ഗ്രാമത്തില്‍ ആണ്. കൂട്ടിനുള്ളതാകട്ടെ തന്റെ ക്യാമറയും.
മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, അയാന്‍ ബിശ്വാസ് എന്ന ടെക്കിയാണ് ഈ വേറിട്ട ജീവിതം തിരഞ്ഞെടുത്തത്. ലോക്ക് ഡൗണ്‍ കാലത്തിന് തൊട്ടുമുന്‍പാണ് രണ്ടാഴ്ചത്തെ അവധിക്കായി ഇദ്ദേഹം ലഡാക്കിലേക്ക് പോയത്. അവിടെ എത്തിയതും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. നാട്ടിലേക്ക് തിരിച്ചു വരാന്‍ സാഹചര്യങ്ങള്‍ പിന്നീട് ലഭിച്ചെങ്കിലും അദ്ദേഹം അതിനു തുനിഞ്ഞില്ല. പകരം ലഡാക്കിനോടുള്ള പ്രണയം അദ്ദേഹത്തെ അവിടെ പിടിച്ചുനിര്‍ത്തി.
അങ്ങനെ ചിത്രകലാ അധ്യാപകനായും ഫോട്ടോഗ്രാഫറായും ഒക്കെ അവിടെ ജോലി ചെയ്ത് അദ്ദേഹം മറ്റൊരു ജീവിതം ആരംഭിച്ചു. തുടക്കകാലത്ത് താന്‍ ബാംഗ്ലൂരില്‍ ജോലി ചെയ്തിരുന്ന കമ്പനി തനിക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കിയിരുന്നെങ്കിലും പിന്നീട് താന്‍ അതും വേണ്ടെന്നുവച്ച് ലഡാക്കിലെ ശാന്തസുന്ദര ജീവിതത്തിലേക്ക് ഒതുങ്ങുകയായിരുന്നു എന്നാണ് ഇദ്ദേഹം പറയുന്നത്.
ജോലിഭാരവും സമ്മര്‍ദ്ദങ്ങളും ഇല്ലാത്ത ജീവിതമാണ് താന്‍ ഇവിടെ ജീവിച്ചു കൊണ്ടിരിക്കുന്നത് എന്നാണ് ഇദ്ദേഹം പറയുന്നത്. തനിക്ക് പ്രതിമാസം 10,000 രൂപ മാത്രം മതി ലഡാക്കില്‍ സന്തോഷകരമായി ജീവിക്കാനെന്നും അത് ഫോട്ടോഗ്രാഫിയിലൂടെയും ചിത്രകലാ അധ്യാപനത്തിലൂടെയും തനിക്ക് ലഭിക്കുന്നുണ്ടെന്നുമാണ് ഇദ്ദേഹം പറയുന്നത്. തടസ്സങ്ങള്‍ ഇല്ലാതെ ശാന്തമായി ഒഴുകുന്ന ഒരു പുഴ പോലെയാണ് തന്റെ ജീവിതം ഇപ്പോഴെന്നും സമ്പത്തും പദവികളും ഒന്നും തന്നെ ആകര്‍ഷിക്കുന്നില്ലെന്നുമാണ് ഇദ്ദേഹം പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button