ജമ്മു കാശ്മീരിലെ ബാരാമുള്ളയിൽ ഭീകരാക്രമണത്തിൽ രണ്ട് സിആർപിഎഫ് ജവാന്മാർക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനും വീരമൃത്യു.സമീപകാലത്ത് കശ്മീരിൽ സുരക്ഷ സേനയ്ക്ക് നേരെ ഉണ്ടായ വലിയ ഭീകരാക്രമണമാണ് ഇന്ന് ഉണ്ടായത്. വടക്കൻ കശ്മീരിൽ ബാരാമുള്ള ജില്ലയിലെ ക്രീരി മേഖലയിൽ പരിശോധന നടത്തുകയായിരുന്ന സിആർപിഎഫ്, പൊലീസ് സംഘത്തിന് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ആശുപത്രിയിലേക്കുള്ള വഴിമധ്യേ എസ്പിഒ മുസഫർ അഹമ്മദും രണ്ട് സിആർപിഎഫ് ജവാന്മാരും വീരമൃത്യു വരിച്ചു.
മേഖലയിൽ കൂടുതൽ സേനയെ വിന്യസിച്ചു. പ്രദേശം പൂർണമായും സേനയുടെ നിയന്ത്രണത്തിലാണ്. ഭീകരർക്കായുള്ള തിരച്ചിലാണ് സുരക്ഷാ സേന. 5ഭീകരരാണ് ആക്രമണം നടത്തിയതെന്ന് സുരക്ഷ സേന അറിയിച്ചു. ആക്രമണത്തിന് പിന്നിൽ ജെയ്ഷ് മുഹമ്മദ് ഭീകരർ എന്ന് സംശയിക്കുന്നു. ഒരാഴ്ചക്കിടെ സുരക്ഷാസേനയ്ക്ക് നേരെയുണ്ടാകുന്ന മൂന്നാമത്തെ ഭീകരാക്രമണമാണ് ഇന്നത്തേത്. വെള്ളിയാഴ്ച നൗഗാം സെക്ടറിലുണ്ടായ ഭീകരാക്രമണത്തിൽ 1 പൊലീസുകാരൻ വീരമൃത്യു വരിച്ചിരുന്നു.