KERALALATEST

പിപിഇ കിറ്റ് ധരിച്ച് മോഷണം: നടത്തത്തിലെ പ്രത്യേകത പ്രതിയെ കുടുക്കി

കോഴിക്കോട്: പയ്യോളിയില്‍ കൊവിഡിന്റെ മറവില്‍ പിപിഇ കിറ്റിട്ട് കവര്‍ച്ച നടത്തിയ കേസില്‍ പ്രതി പിടിയില്‍. കണ്ണൂര്‍ മുഴക്കുന്ന് സ്വദേശി കെപി മുബഷീറാണ് പിടിയിലായത്. കണ്ണൂരിലും കോഴിക്കോട്, വയനാട് ജില്ലകളിലായി മുബഷീറിനെതിരെ 12 കേസുകളുണ്ട്. നിരവധി കടകളില്‍ ഇയാള്‍ ഇത്തരത്തില്‍ മോഷണം നടത്തിയെന്ന് പൊലീസ് അറിയിച്ചു.
സിസിടിയില്‍ മോഷ്ടാവിനെ കണ്ട് വ്യാപാരികളും പൊലിസും ഒരുപോലെ ഞെട്ടി. പിപിഇ കിറ്റിന്റെ സുരക്ഷയിലൊരു കള്ളന്‍. പയ്യോളിയിലെ ഗുഡ്‌വെ ഹോം അപ്ലയന്‍സസിലെ ക്യാമറയില്‍ ആണ് പിപിഇ കിറ്റിട്ട കള്ളന്‍ പെട്ടത്.
പൂട്ട് പൊളിച്ച് അകത്ത് കടന്ന് കട്ടത് 30000 രൂപയും ഇലക്ട്രോണിക് ഉപകരണങ്ങളും. തച്ചന്‍കുന്നിലെ പല കടകളില്‍ പിപിഇ കിറ്റിട്ട കള്ളന്‍ കയറിയിറങ്ങുന്നതിന്റെ ദൃശ്യങ്ങളും കിട്ടി. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ണൂര്‍ മുഴക്കുന്ന് പറമ്പത്ത് വീട്ടില്‍ മുബഷീര്‍ കുരുങ്ങിയത്.
പുരികത്തിന്റെ പ്രത്യേകതയും ഒരും വശം ചരിഞ്ഞുള്ള നടത്തുവമാണ് മുബഷീറിനെ തിരിച്ചറിയാന്‍ പൊലീസിനെ സഹായിച്ചത്. പയ്യോളി സിഐ എംപി ആസാദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കൊയിലാണ്ടിയില്‍ നിന്ന് പ്രതിയെ പിടിച്ചത്.
മാനന്തവാടിയിലും പയ്യന്നൂരിലും കൊയിലാണ്ടിയിലും ഈ ഇരുപത്തിയാറുകാരന്‍ സാമാന രീതിയില്‍ മോഷണം നടത്തിയിട്ടുണ്ട്. കടകളുടെ സാഹചര്യവും മറ്റും ഏറെനാള്‍ നിരീക്ഷിച്ച ശേഷമാണ് മോഷണത്തിന് തെരഞ്ഞെടുക്കുക.
വിവിധയിടങ്ങളില്‍ മാറിമാറി താമസിച്ചാണ് കൃത്യത്തിനെത്തുക. തിരിച്ചറിയാതിരിക്കാനാണ് പിപിഇ കിറ്റ് ധരിച്ചതെന്നാണ് മുബഷീറിന്റെ മൊഴി. മോഷണം നടന്ന കടകളില്‍ പ്രതിയെ എത്തിച്ച് തെളിവെടുത്തു.

Related Articles

Back to top button