BREAKING NEWSNATIONAL

തമിഴ്‌നാട്ടില്‍ അമ്മയെയും മകനെയും കൊന്ന് 16 കിലോ സ്വര്‍ണം കവര്‍ന്നു; പ്രതികളിലൊരാളെ വെടിവെച്ച് കൊന്നു

ചെന്നൈ: തമിഴ്‌നാട് മയിലാടുതുറൈയ്ക്ക് സമീപം അമ്മയെയും മകനെയും കൊലപ്പെടുത്തി വന്‍ സ്വര്‍ണക്കവര്‍ച്ച. സിര്‍ക്കാരി റെയില്‍വേ റോഡിലെ ജൂവലറി ഉടമ ധന്‍രാജിന്റെ വീട്ടിലാണ് കൊലപാതകവും കവര്‍ച്ചയും നടന്നത്. ധന്‍രാജിന്റെ ഭാര്യ ആശ, മകന്‍ അഖില്‍ എന്നിവരെയാണ് അഞ്ചംഗ സംഘം ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതിയായ ഒരാളെ പോലീസ് പിന്നീട് വെടിവെച്ച് കൊലപ്പെടുത്തി. പ്രതികളായ ബാക്കി നാലു പേരും പോലീസിന്റെ പിടിയിലായി.
ബുധനാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ജൂവലറി ഉടമയായ ധന്‍രാജിന്റെ വീട്ടിലേക്ക് ആയുധങ്ങളുമായി ഇരച്ചെത്തിയ അഞ്ചംഗ സംഘം ആശയെയും മകനെയും അതിക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നു. ഇതിനുശേഷം വീട്ടില്‍ സൂക്ഷിച്ചിരുന്ന 16 കിലോ സ്വര്‍ണവുമായി പ്രതികള്‍ രക്ഷപ്പെട്ടു.
വിവരമറിഞ്ഞെത്തിയ പോലീസ് സംഘം ഉടന്‍തന്നെ പ്രതികളെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കി. ഇതിനിടെയാണ് മയിലാടുതുറൈയ്ക്ക് സമീപത്തെ ഇരിക്കൂര്‍ എന്ന സ്ഥലത്ത് ഒരു വയലില്‍ പ്രതികള്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചത്. തുടര്‍ന്ന് പോലീസ് സംഘം ഇവിടേക്കെത്തുകയും പ്രതികളുമായി ഏറ്റുമുട്ടലുണ്ടാവുകയുമായിരുന്നു.
അഞ്ചംഗ സംഘം പോലീസിന് നേരേ ആക്രമണം നടത്തിയതോടെയാണ് വെടിവെച്ചതെന്നാണ് പോലീസിന്റെ വിശദീകരണം. ഇതിനിടെ, രാജസ്ഥാന്‍കാരനായ മണിപാല്‍ എന്നയാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. സംഘത്തിലെ മൂന്നു പേര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തു. ഒരാളെ പരിക്കുകളൊന്നുമില്ലാതെ പിടികൂടി. ഇവരില്‍നിന്ന് സ്വര്‍ണവും കണ്ടെടുത്തു.
കവര്‍ച്ചയ്ക്കും കൊലപാതകത്തിനും പിന്നില്‍ രാജസ്ഥാനില്‍നിന്നുള്ള സംഘമാണെന്നാണ് പോലീസ് പറയുന്നത്. ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് പ്രതികള്‍ കവര്‍ച്ച നടത്തിയതെന്നും പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണവും ചോദ്യം ചെയ്യലും തുടരുകയാണ്.

Related Articles

Back to top button