സ്വന്തം വീട്ടില്‍ നിന്ന് 25 പവന്‍ സ്വര്‍ണം മോഷ്ടിക്കാന്‍ കാമുകനെ സഹായിച്ച വീട്ടമ്മയും അറസ്റ്റില്‍

വിതുര: സ്വന്തം വീട്ടിനുള്ളില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന സ്വര്‍ണം മോഷ്ടിക്കാന്‍ കാമുകനെ സഹായിച്ച വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. വിതുര മരുതാമല സ്വദേശി കവിതയെയാണ് അറസ്റ്റ് ചെയ്തത്. കവിതയുടെ സഹായത്തോടെ 25 പവന്‍ മോഷ്ടിച്ച കാമുകന്‍ രാജേഷിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു
കഴിഞ്ഞ ശനിയാഴ്ചയാണ് വിതുര സ്വദേശി ജോസിന്റെ വീട്ടിലെ കിടപ്പറയിലെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന 25 പവന്‍ സ്വര്‍ണം പിന്‍ വാതിലിലൂടെ കയറിയ രാജേഷ് മോഷ്ടിച്ചത്. ജോസും ഭാര്യ കവിതയും ആശുപത്രിയില്‍ പോയ സമയത്തായിരുന്നു മോഷണം. പ്രാഥമിക അന്യേഷണത്തില്‍ തന്നെ വീട്ടിനകത്തുള്ള ആരോ രാജേഷിനെ സഹായിച്ചിട്ടുണ്ടെന്ന് പൊലീസിന് മനസ്സിലായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്യേഷണത്തിലാണ് കവിതയുടെ പങ്ക് തെളിയുന്നത്. സ്വര്‍ണം സൂക്ഷിച്ച രഹസ്യ അറ കവിത രാജേഷിന് കാണിച്ച് കൊടുത്തുവെന്നാണ് പൊലീസ് പറയുന്നത്. രാജേഷിനായി പിന്‍വാതില്‍ തുറന്നിടുകയും ചെയ്തു. ആശുപത്രിയില്‍ പോവുന്ന സമയത്ത് മോഷണം നടത്താന്‍ രാജേഷിനോട് പറഞ്ഞതും കവിത തന്നെയെന്നാണ് പൊലീസ് പറയുന്നത്.
കവിതയുമായി സൗഹൃദത്തിലായിരുന്ന രാജേഷ് ഇവരില്‍ നിന്ന് പലതവണ പണം വാങ്ങിയിരുന്നു. പുതിയ സ്‌കോര്‍പ്പിയോ കാര്‍ വാങ്ങാനായി 10 ലക്ഷം രൂപ രാജേഷ് ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കിയില്ലെങ്കില്‍ ഭര്‍ത്താവിനോട് വിവരങ്ങള്‍ പറയുമെന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്തി. തുടര്‍ന്നാണ് സ്വര്‍ണത്തിന്റെ കാര്യം രാജേഷിനോട് പറയുന്നത്.
മോഷണത്തിന് ശേഷം തെളിവ് നശിപ്പിക്കാന്‍ രാജേഷ് പരിസരത്ത് മുളക് പൊടിയും മല്ലിപ്പൊടിയും വിതറി. നിരവധി തട്ടിപ്പു കേസില്‍ പ്രതിയായ രാജേഷിനെ ബുധനാഴ്ച തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ രാവിലെ വീട്ടിലെത്തിയാണ് വിതുര പൊലീസ് കവിതയെ അറസ്റ്റ് ചെയ്തത്.