ആലപ്പുഴ: ചെങ്ങന്നൂരിലെ വിഗ്രഹ നിര്‍മാണശാലയില്‍ നിന്ന് രണ്ട് കോടിയിലധികം രൂപ വിലവരുന്ന പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചെന്ന പരാതിയില്‍ ദുരൂഹത ഏറെയെന്ന് പൊലീസ്. തൊഴിലാളികളെ ആക്രമിച്ച ശേഷം സ്ഥാപനത്തിലെ താല്കാലിക ജീവനക്കാരനും സംഘവും വിഗ്രഹം കടത്തികൊണ്ടുപോയെന്നാണ് പരാതി. എന്നാല്‍ ഫൊറന്‍സിക് സംഘവും വിരളടയാള വിദഗ്ദരും നടത്തിയ പരിശോധനയില്‍ മോഷണം നടന്നതിന് വ്യക്തമായ തെളിവുകള്‍ കിട്ടിയില്ല.
വിഗ്രഹ നിര്‍മാണശാലയിലെ തൊഴിലാളികളും മറ്റൊരു സംഘവുമായി ഏറ്റുമുട്ടല്‍ നടന്നെന്ന് പൊലീസിനും ബോധ്യമായി. എന്നാല്‍ രണ്ട് കോടിയിലധികം രൂപ വിലവരുന്ന പഞ്ചലോഹവിഗ്രഹം കടത്തിക്കൊണ്ടുപോയെന്ന ഉടമകളുടെ പരാതിയില്‍ കൂടുതല്‍ അന്വേഷണം വേണം. സ്ഥാപനത്തിലെ താല്കാലിക ജീവനക്കാരും സംഘവുമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് ഉടമകള്‍ പൊലീസിനോട് ആവര്‍ത്തിക്കുന്നത്.
സ്ഥാപനത്തിലെ തൊഴിലാളികള്‍ ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം, നിര്‍മാണശാലയ്ക്കുള്ളില്‍ മോഷണം നടന്നതിന്റെ തെളിവുകള്‍ ഫൊറന്‍സിക് സംഘത്തിന് ലഭിച്ചില്ല. ലണ്ടനിലെ ഒരു ക്ഷേത്രത്തില്‍, പ്രതിഷ്ഠയ്ക്കായി കൊണ്ടുപോകാന്‍ വച്ചിരുന്ന വിഗ്രഹം ആണ് മോഷ്ടാക്കള്‍ കൊണ്ടു പോയതെന്നാണ് ഉടമകളുടെ മൊഴി.
ഒരു മാസമായി അടഞ്ഞുകിടന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. അങ്ങനെയുള്ള സ്ഥലത്ത് ഇത്രയും വിലപിടിപ്പുള്ള വിഗ്രഹം സൂക്ഷിച്ചിരുന്നു എന്ന് പൊലീസ് പൂര്‍ണ്ണമായി വിശ്വസിക്കുന്നില്ല. സ്ഥാപനത്തില്‍ തൊഴില്‍ തര്‍ക്കം നിലനിന്നിരുന്നു എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
കേസിലെ മുഖ്യപ്രതിയായ താല്കാലിക ജീവനക്കാരന് സംഗീതും ഇയാള്‍ക്കൊപ്പമെത്തിയ സംഘവും ഒളിവിലാണ്. പ്രതികളില്‍ ഒരാളെയെങ്കിലും കണ്ടെത്താനായാല്‍ സംഭവത്തിലെ ദുരൂഹത നീക്കാമെന്നാണ് ചെങ്ങന്നൂര്‍ പൊലീസ് പറയുന്നത്.