BREAKING NEWSKERALALATEST

ലേലത്തുക രഹസ്യമായിരുന്നു, ഞങ്ങളുടെ കക്ഷികളുടെ വിവരം മറ്റാരും അറിയില്ല: സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസ് കമ്പനി

കൊച്ചി: തിരുവനന്തപുരം വിമാനത്താവള വിവാദത്തില്‍ വിശദീകരണവുമായി സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസ് കമ്പനി. കേരളത്തിന്റെ വിമാനത്താവള ലേലത്തുകയുടെ കാര്യത്തില്‍ അമര്‍ചന്ദ് കമ്പനി ഇടപെട്ടിട്ടില്ലെന്ന് കമ്പനി വക്താവ് വിശദീകരിച്ചു. കേരളത്തിന് നിയമസഹായം മാത്രമാണ് നല്‍കിയതെന്നും. കേരളം ക്വോട്ട് ചെയ്ത തുക ലേലസമയം വരെ രഹസ്യമായിരുന്നുവെന്നുമാണ് കമ്പനി പറയുന്നത്.
അമര്‍ചന്ദ് കമ്പനിയുടെ സേവനം തേടുന്ന കക്ഷിയുടെ വിവരങ്ങള്‍ ഒരിക്കലും മറ്റാരും അറിയാറില്ലെന്നും അദാനിക്ക് വിമാനത്താവള വിഷയത്തില്‍ കമ്പനി നിയമോപദേശം നല്‍കിയിട്ടില്ലെന്നും അമര്‍ചന്ദ് കമ്പനി വിശദീകരിക്കുന്നു. അദാനിക്ക് അവരുടെതന്നെ നിയമോപദേശകരുണ്ട്. ഇംഗ്ലീഷ് ദിനപത്രത്തോടാണ് അമര്‍ചന്ദ് കമ്പനി വക്താവിന്റെ വിശദീകരണം.
ഇതിനിടെ തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നല്‍കാനുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഉപഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംസ്ഥാനം നല്‍കിയ അപ്പീല്‍ ഹൈക്കോടതിയില്‍ നിലനില്‍ക്കേ പാട്ട നടപടികളുമായി മുന്നോട്ടു പോകുന്നത് തടയണമെന്നാണ് ആവശ്യം. തുടര്‍ നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Back to top button