കോട്ടയം: പിന്നെയും തിരുവഞ്ചൂരിനെ കുരുക്കി നാക്കുപിഴ. നഗരസഭ അംഗവും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ജില്ലാ അധ്യക്ഷയുമായ പൊതുപ്രവര്‍ത്തകയായ വനിതയെ ഭാരമുള്ള സ്ത്രീ എന്നു വിശേഷിപ്പിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അധിക്ഷേപിച്ചതായി പരാതി ഉയര്‍ന്നിരിക്കുകയാണ്. പൂവന്തുരുത്തില് മേല്‍പ്പാലം നിര്‍മ്മാണത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നഗരസഭ അംഗവും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ജില്ലാ അധ്യക്ഷയുമായ അഡ്വ.ഷീജാ അനിലിനെ വ്യക്തിപരമായി അധിക്ഷേപിച്ചതായി പരാതി ഉയര്‍ന്നിരിക്കുന്നത്.
സംഭവം സംബന്ധിച്ചുള്ള പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സിപിഎം കോട്ടയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയുടെ കോടിമതയിലെ ഓഫിസിലേയ്ക്കു മാര്‍ച്ച് നടത്താന്‍ സിപിഎം തീരുമാനിച്ചിട്ടുണ്ട്. പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തിലെ ഊട്ടുപുര സന്ദര്‍ശിച്ച വിഷയത്തില്‍ സിപിഎമ്മും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടല്‍ നടക്കുകയാണ്. ഇതിനിടെയാണ് ഇപ്പോള്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം തിരുവഞ്ചൂര്‍ നടത്തിയെന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്.
പൂവന്തുരുത്തില് മേല്‍പ്പാലം നിര്‍മ്മാണം വൈകുന്നതിനെതിരെ ബുധനാഴ്ച വൈകിട്ട് കോണ്‍ഗ്രസ് നേതൃത്വത്തില്‍ പൂവന്തുരുത്തില് സമരം നടത്തിയിരുന്നു. ഈ സമരത്തിന്റെ ഉദ്ഘാടന പ്രസംഗത്തിന് ഇടയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വ്യക്തിപരമായ അധിക്ഷേപം നടത്തിയതായുള്ള പ്രസംഗം ഉണ്ടായത്. കോടിമത ഈരയില്‍ക്കടവിലെ വികസനം തടയുന്നത് ഭാരം കൂടുതലുള്ള വനിതതയാണ് എന്നാണ് തിരുവഞ്ചൂര്‍ പ്രസ്താവന നടത്തിയത്. ഇതു സംബന്ധിച്ചുള്ള വീഡിയോ സിപിഎം സൈബര്‍ പോരാളികള്‍ വൈറലാക്കി മാറ്റിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ സിപിഎം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വീട്ടിലേയ്ക്കു മാര്‍ച്ച് നടത്തുന്നത്.