BREAKING NEWSKERALA

സി.എ.ജി. സമര്‍പ്പിച്ചത് അന്തിമറിപ്പോര്‍ട്ട്, കിട്ടിയില്ലെന്ന് ധനമന്ത്രിയുടെ ഓഫീസ്, വെട്ടില്‍ വീണ് ഐസക്

തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട് സി ആന്‍ഡ് എ.ജി. സര്‍ക്കാരിനു സമര്‍പ്പിച്ചത് അന്തിമ റിപ്പോര്‍ട്ട്. ലഭിച്ചത് കരട് റിപ്പോര്‍ട്ടാണെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു.
കിഫ്ബി സംബന്ധിച്ച കരട് ഓഡിറ്റ് റിപ്പോര്‍ട്ട് മേയ് അഞ്ചിന് സര്‍ക്കാരിനു നല്‍കിയിരുന്നു. നവംബര്‍ ആറിന് അന്തിമ റിപ്പോര്‍ട്ടാണ് ധനമന്ത്രിക്കു നല്‍കിയത്. ഇതിനുശേഷവും കരട് റിപ്പോര്‍ട്ടാണെന്ന് നവംബര്‍ 14ന് പറയുകയും മന്ത്രി സി.എ.ജി.യെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
ചട്ടപ്രകാരം, ധനമന്ത്രിയുടെ ഓഫീസില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് മുഖ്യമന്ത്രി, നിയമമന്ത്രി എന്നിവര്‍ക്കു കൈമാറണം. തുടര്‍ന്ന് ഗവര്‍ണറുടെ അംഗീകാരത്തോടെ നിയമസഭയില്‍ സമര്‍പ്പിക്കണം. അതുവരെ റിപ്പോര്‍ട്ടിന്റെ രഹസ്യാത്മകത സൂക്ഷിക്കണമെന്നാണു ചട്ടം. അതിനുമുമ്പ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പ്രഖ്യാപിച്ചത് ഗുരുതര ചട്ടലംഘനമാണെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു.
2018’19ലെ സംസ്ഥാനസര്‍ക്കാരിന്റെ വരവുചെലവ് കണക്കുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണങ്ങളടങ്ങുന്ന സംസ്ഥാന ഫിനാന്‍സ് ഓഡിറ്റ് റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചതായി എ.ജി. വാര്‍ത്തക്കുറിപ്പ് ഇറക്കിയതായി പറയുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് ധനമന്ത്രിയുടെ വാദങ്ങളെ പ്രതിപക്ഷം തള്ളുന്നത്.
ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത് മസാല ബോണ്ട് വഴി പണം സ്വരൂപിച്ചതു ചൂണ്ടിക്കാട്ടിയായിരുന്നു എ.ജി.യുടെ കുറ്റപ്പെടുത്തല്‍. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാര്‍ പദ്ധതികള്‍ അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സി.എ.ജി.യുടെ സമീപനമെന്നു ധനന്ത്രി ആരോപിച്ചിരുന്നു.
അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചതായി സി.എ.ജി. പറയുന്നുണ്ടെങ്കിലും റിപ്പോര്‍ട്ട് കിട്ടിയതായി കാണുന്നില്ലെന്ന് ധനമന്ത്രിയുടെ ഓഫീസ്. ഇതുസംബന്ധിച്ച വാര്‍ത്തകളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന പ്രാഥമിക വിലയിരുത്തലില്‍ ധനമന്ത്രിയുടെ ഓഫീസ് എത്തിയത്.

***

Related Articles

Back to top button