BREAKING NEWSKERALA

സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തല്‍; അവകാശ ലംഘന പരാതിയില്‍ ധനമന്ത്രിയോട് വിശദീകരണം തേടി സ്പീക്കര്‍

തിരുവനന്തപുരം: അവകാശ ലംഘനപരാതിയില്‍ ധനമന്ത്രി തോമസ് ഐസക്കിനോട് വിശദീകരണം തേടി സ്പീക്കര്‍. സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തി എന്ന പ്രതിപക്ഷ പരാതിയില്‍ ആണ് നടപടി. ലൈഫ് മിഷനില്‍ നിയമസഭാസെക്രട്ടറിക്ക് നല്‍കിയ വിശദീകരണം മാധ്യമങ്ങള്‍ക്ക് ചോര്‍ന്നതിനെക്കുറിച്ച് ഇ ഡിയോട് വിശദീകരണം തേടാന്‍ എത്തിക്‌സ് കമ്മിറ്റി തീരുമാനിച്ചു.
കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട് മന്ത്രി തോമസ് ഐസക്ക് പുറത്തുവിട്ടതിനെതിരെയായിരുന്നു പ്രതിപക്ഷത്തിന്റെ അവകാശ ലംഘന നോട്ടീസ്. നിയമസഭയില്‍ വയ്ക്കും വരെ രഹസ്യസ്വഭാവം നിലനിര്‍ത്തേണ്ട രേഖകള്‍ മന്ത്രി തന്നെ പുറത്തു വിട്ടത് ഗൗരവതരമെന്നും സഭയോടുളള അനാദരവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു, വി ഡി സതീശന്‍ എംഎല്‍എ നോട്ടീസ് നല്‍കിയത്. ഈ നോട്ടീസിന് എത്രയും പെട്ടെന്ന് മറുപടി നല്‍കാനാണ് സ്പീക്കര്‍ നിര്‍ദേശം നല്‍കിയത്. നേരത്തെ നിയമസഭ എത്തിക്‌സ് ആന്റ് പ്രിവിലേജ് കമ്മറ്റി യോഗത്തില്‍ ഈ നോട്ടീസ് പരിഗണിക്കാത്തതിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ലൈഫ്മിഷന്‍ പദ്ധതിയുടെ ഫയലുകള്‍ വിളിച്ച് വരുത്തിയ നടപടിക്കെതിരെ ജയിംസ് മാത്യു എംഎല്‍എ നല്‍കിയ അവകാശ ലംഘന നോട്ടീസില്‍ ഇഡിയോട് എത്തിക്‌സ് കമ്മിറ്റി വിശദീകരണം തേടിയിരുന്നു. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് അവഗണിച്ചുകൊണ്ടാണ് ഇഡിയോട് വിശദീകരണം തേടാന്‍ എത്തിക്‌സ് കമ്മിറ്റി തീരുമാനിച്ചത്. എന്നാല്‍ സമിതിക്ക് മുന്നിലെത്തുന്നതിന് മുന്‍പ് ഇഡിയുടെ മറുപടി മാധ്യമങ്ങളില്‍ വന്നുവെന്നും ഇത് ചട്ടലംഘനമെന്നും എത്തിക്‌സ് കമ്മിറ്റിയുടെ വിലയിരുത്തി.
ഏത് പദ്ധതിയുടെയും ഫയലുകള്‍ ആവശ്യപ്പെടാന്‍ അധികാരമുണ്ടെന്നായിരുന്നു ഇഡി നല്‍കിയ മറുപടി. നിയമസഭയുടെ ഒരു അധികാരവും എന്‍ഫോഴ്‌സ്‌മെന്റ് ലംഘിച്ചിട്ടില്ലെന്നും ഇഡി വിശദീകരിച്ചിട്ടുണ്ട്. ഈ വിശദീകരണം പരിശോധിക്കാതെ ചര്‍ച്ച ചോര്‍ച്ചയിലേക്ക് മാറ്റിയതിനെ സമതിയിലെ പ്രതിപക്ഷാംഗങ്ങളായ അനൂപ് ജേക്കബും വി എസ് ശിവകുമാറും എതിര്‍ക്കുകയും ചെയ്തു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker