തിരുവനന്തപുരം: എല്‍ഡിഎഫിന്റെതേന്ന് ഉറച്ച് വിശ്വസിച്ചിരുന്ന ഒരു ഭാഗം വോട്ടുകള്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കിട്ടിയില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. മുന്‍ഗണന നിശ്ചയിക്കുന്നതില്‍ സര്‍ക്കാര്‍ പുനഃപരിശോധന നടത്തണം. പാര്‍ട്ടിയിലും മാറ്റങ്ങളുണ്ടാകണമെന്നും ഐസക് പറഞ്ഞു. പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കൂടിയായിരുന്നു ഐസക്.
‘എല്‍ഡിഎഫിന്റെതേന്ന് ഉറച്ച് വിശ്വസിച്ചിരുന്ന ഒരു ഭാഗം വോട്ടുകള്‍ വന്നില്ല. പല കാരണങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് വിലയിരുത്താവുന്നത്. എല്‍ഡിഎഫ് പ്രവര്‍ത്തകരായി കരുതിയ പലരും ബോധപൂര്‍വ്വം വോട്ടിങില്‍നിന്ന് മാറിനിന്നു. അല്ലെങ്കില്‍ എതിരായിട്ട് വോട്ട് ചെയ്തു’ ഐസക് പറഞ്ഞു.
പാവങ്ങള്‍ക്കുള്ളതില്‍ പരമാവധി നല്‍കാനാണ് കഴിഞ്ഞ പിണറായി സര്‍ക്കാര്‍ ശ്രമിച്ചത്. ഇതുപോലെ പാവങ്ങളെ സഹായിച്ച ഒരു സര്‍ക്കാരുണ്ടായിരുന്നില്ലെന്നും ഐസക് പറഞ്ഞു. ഒന്നാം പിണറായി സര്‍ക്കാരിന്റെ മന്ത്രി കൂടിയായിരുന്നു അദ്ദേഹം.
ഇപ്പോഴത്തെ സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ഗണനകളില്‍ ഒരു പുനഃപരിശോധന നടത്തേണ്ടിവരും. എന്തുവന്നാലും പെന്‍ഷന്‍ കൊടുക്കുമെന്ന് മുഖ്യമന്ത്രിയും പ്രഖ്യാപിച്ചിട്ടുണ്ട്. പെന്‍ഷന്‍ പൂര്‍ണ്ണമായും കൊടുക്കണമെങ്കില്‍ വേറെ ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കേണ്ടി വരും. അത് സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കേണ്ടതാണെന്നും ഐസക് വ്യക്താക്കി.
ജനങ്ങളുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് പാര്‍ട്ടിയിലും മാറ്റങ്ങളുണ്ടാകണം. തിരുത്തലുകള്‍ ഉറപ്പാക്കാന്‍ പാര്‍ട്ടി തയ്യാറാകുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1,083 Less than a minute