ചെന്നൈ: തൂത്തുക്കുടി കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ സ്പെഷ്യല്‍ സബ് ഇന്‍സ്പെക്ടര്‍ പോള്‍ദുരൈ (56) ആണ് മരിച്ചത്. കോവിഡ് ബാധി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗവണ്മെന്റ് രാജാജി ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമായിരുന്നു മരണം. ദേശീയ തലത്തില്‍ വിവാദം ഉയര്‍ത്തിയ തൂത്തുക്കുടി കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട പത്ത് പൊലീസുകാരിലൊരാളാണ് പോള്‍ദുരൈ. ഇയാളെ മികച്ച ചികിത്സയ്ക്കായി കന്യാകുമാരിയിലേക്ക് മാറ്റാന്‍ അനുമതി തേടി ഭാര്യ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സമീപിച്ചിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചിരിക്കുന്നത്.
തൂത്തുക്കുടി സാത്താങ്കുളം സ്വദേശികളായ ജയരാജ്(59) മകന് ബെനിക്സ്(31) എന്നിവര്‍ പൊലീസ് കസ്റ്റഡിയില്‍ അതിക്രൂര മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവം വലിയ വിവാദങ്ങള്‍ക്കാണ് വഴി വച്ചത്. ഇക്കഴിഞ്ഞ ജൂണ്‍ 19നാണ് ജയരാജിനെയും മകന് ബെനിക്സിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ലോക്ക്ഡൗണ്‍ ഇളവ് സമയം കഴിഞ്ഞിട്ടും കടകള്‍ തുറന്നു എന്ന കാരണത്താലായിരുന്നു നടപടി.
ആദ്യം ജയരാജിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്, ഇത് അന്വേഷിച്ച് ചെന്നതോടെയാണ് ബെനിക്സും കസ്റ്റഡയിലാകുന്നത്. തുടര്‍ന്ന് ഇരുവരെയും കോവില്‍പട്ടി സബ്ജയിലിലേക്ക് മാറ്റിയിരുന്നു. പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ജൂണ്‍ 2223 തീയതികളിലായി മരണത്തിന് കീഴടങ്ങുകയായിരുന്നു.
അതിക്രൂരമായ പീഡനമാണ് പൊലീസ് കസ്റ്റഡിയില്‍ ഇവര്‍ക്ക് നേരിടേണ്ടി വന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പ്രതിഷേധങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് കേസില്‍ പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടായത്. നിലവില്‍ സിബിഐ ആണ് കേസ് അന്വേഷിക്കുന്നത്.