BREAKING NEWSKERALA

പുല്ലുചെത്താനും കൈയ്യാലപ്പണിക്കും ഇനി തൊഴിലുറപ്പുകാരെ കിട്ടില്ല

തിരുവനന്തപുരം: തൊഴിലുറപ്പില്‍ ഭൂവികസനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ പതിവാക്കിയ പുല്ലുചെത്ത്, കരിയിലനീക്കല്‍, കൈയാല നന്നാക്കല്‍ എന്നിവ അനുവദിക്കില്ല. ഇതുവരെ നടത്തിവന്നതില്‍ സമൂലമാറ്റം വേണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
കൃഷിക്ക് ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥലങ്ങളെ കാര്‍ഷികവൃത്തിക്ക് ഉപയുക്തമാക്കുകയും ഇതനുസരിച്ചുള്ള ലേബര്‍ ബജറ്റും ജോലികളുടെ പട്ടികയും തയ്യാറാക്കാനാണ് തദ്ദേശവകുപ്പിന്റെ നിര്‍ദേശം. പുല്ലും കല്ലും നീക്കുന്നതോ ആവര്‍ത്തനസ്വഭാവമുള്ളതോ ആയവ ഏറ്റെടുക്കരുത്. അളന്നുതിട്ടപ്പെടുത്താന്‍ കഴിയാത്തതും പ്രകടമാവാത്തതുമായ ജോലികളും പാടില്ല.
സ്വകാര്യഭൂമിയില്‍ ആവര്‍ത്തനസ്വഭാവമുള്ളതും നിയമവിരുദ്ധവുമായവയ്ക്ക് അനുമതിനല്‍കിയാല്‍ ഉദ്യോഗസ്ഥര്‍ കുടുങ്ങും. സാധാരണപ്രവൃത്തികളില്‍നിന്ന് മെച്ചപ്പെട്ട സംയോജിത പ്രകൃതിപരിപാലനജോലികള്‍ ഏറ്റെടുക്കണം. സ്വകാര്യ ആസ്തികളുടെ പുനരുദ്ധാരണം പാടില്ല.
ഗ്രാമസഭകള്‍ അംഗീകരിച്ച ജോലികളായിരിക്കണം ചെയ്യേണ്ടത്. പ്രവൃത്തികളില്‍ രണ്ടുവര്‍ഷത്തേക്ക് ആവശ്യമായവയുടെ പട്ടിക തയ്യാറാക്കണം. പ്രളയത്തിലുണ്ടായ നഷ്ടം പരിഹരിക്കാന്‍ മുന്‍ഗണന നല്‍കണം. ഭരണസാങ്കേതിക അനുമതി ഓണ്‍ലൈനായി നല്‍കും.
പ്രകൃതിദുരന്തപ്രതിരോധ തയ്യാറെടുപ്പുകള്‍ മെച്ചപ്പെടുത്തുന്ന ജോലി, ഒറ്റപ്പെട്ടുകിടക്കുന്ന ഗ്രാമങ്ങളെ റോഡുശൃംഖലയുമായി ബന്ധപ്പെടുത്തുക, കൊടുങ്കാറ്റ് ബാധിതര്‍ക്കുള്ള അഭയകേന്ദ്രങ്ങള്‍, അങ്കണവാടികള്‍, ഗ്രാമീണചന്തകള്‍, ഭക്ഷ്യധാന്യസംഭരണകേന്ദ്രങ്ങള്‍ എന്നിവയ്ക്ക് കെട്ടിടനിര്‍മാണം, ക്രിമറ്റോറിയം നിര്‍മാണം തുടങ്ങിയവ നടത്താം.
മൊത്തം ചെലവിന്റെ 60 ശതമാനമെങ്കിലും കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ടതായിരിക്കും. ഡിസംബര്‍ മൂന്നിനുമുമ്പ് ലേബര്‍ബജറ്റ് തയ്യാറാക്കി സോഷ്യല്‍ ഓഡിറ്റില്‍ കണ്ടെത്തിയ ന്യൂനതകള്‍ പരിഹരിക്കണം.
പട്ടികജാതിവര്‍ഗം, നാടോടികളായ ആദിവാസികള്‍, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍, സ്ത്രീകള്‍ ഗൃഹനാഥകളായ കുടുംബങ്ങള്‍, ശാരീരിക പരിമിതിയുള്ള ഗൃഹനാഥര്‍, ഭൂപരിഷ്‌കരണത്തിന്റെയും പ്രധാനമന്ത്രി ആവാസ് യോജനയുടെയും ഗുണഭോക്താക്കള്‍, പരമ്പരാഗത വനവാസികള്‍. ഇക്കൂട്ടത്തിലുള്ളവരുടെ കുടുംബങ്ങളില്‍ ഒരാളെങ്കിലും തൊഴില്‍കാര്‍ഡ് എടുക്കണം.

Related Articles

Back to top button