TECHMOBILE

പബ്ജിയ്ക്ക് പുറകെ ഇന്ത്യയില്‍ രണ്ടാം വരവിന് ടിക് ടോക്

ഗെയിമിംഗ് ആരാധകര്‍ക്കിടയിലെ മിന്നും താരമായിരുന്നു പബ്ജി ഗെയിം. അതെ സമയം ഹ്രസ്വ വീഡിയോ ആപ്പുകളുടെ കാര്യത്തില്‍ ഒന്നാം സ്ഥാനം ടിക് ടോക്കിനും. ചൈനീസ് വേരുകളുള്ള ഈ രണ്ട് താരങ്ങളെയും അടുത്തിടെയാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. ദേശീയ സുരക്ഷയ്!ക്ക് ഭീഷണിയാകുന്ന രീതിയില്‍ വ്യക്തികളുടെ വിവരങ്ങള്‍ ചോരുന്നുണ്ട് എന്ന സംശയത്തെ തുടര്‍ന്നാണ് നിരോധനം. കഴിഞ്ഞ ദിവസം പബ്ജി ഇന്ത്യയില്‍ തിരിച്ചു വരവ് പ്രഖ്യാപിച്ചിരുന്നു. പുതിയ റിപോര്‍ട്ടുകള്‍ അനുസരിച്ച് ടിക് ടോക്കും ഇന്ത്യയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ഒരുങ്ങുകയാണ്.
ഡാറ്റാ സ്വകാര്യതയും കേന്ദ്ര സര്‍ക്കാരിന്റെ സുരക്ഷാ ആവശ്യകതകളും പാലിക്കാന്‍ കമ്പനി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും, ഇത് നല്ലൊരു ഫലമുണ്ടാക്കും’ എന്നും ടിക് ടോക് ഇന്ത്യ മേധാവി നിഖില്‍ ഗാന്ധി ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
‘ഞങ്ങളുടെ വിശദീകരണങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. സര്‍ക്കാരിന് കൂടുതല്‍ വ്യക്തത ആവശ്യമെങ്കില്‍ ഇനിയും ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറാണ്. ഞങ്ങളുടെ ജീവനക്കാര്‍ക്കൊപ്പം, ഞങ്ങളുടെ പ്ലാറ്റ്‌ഫോമിന്റെ അംഗീകാരം മാത്രമല്ല, ഉപജീവനത്തിന്റെ പുതിയ വഴികളും കണ്ടെത്തിയ ഞങ്ങളുടെ ഉപയോക്താക്കളോടും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്’, ഗാന്ധി പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ടിക് ടോക് തിരികെയെത്തുന്നു എന്ന് വ്യക്തമായി പറയുന്നില്ല എങ്കിലും തിരിച്ചു വരവിന്റെ പാതയിലാണ് ഏറെ പ്രചാരമുള്ള ഹ്രസ്വ വീഡിയോ വിഡിയോ ആപ്പ് എന്ന് വ്യക്തം.
യുസി ബ്രൌസര്‍, വീചാറ്റ് ഉള്‍പ്പെടെ 58ഓളം അപ്ലിക്കേഷനുകള്‍ ആണ് ജൂണില്‍ സര്‍ക്കാര്‍ നിരോധിച്ചത്. പിന്നീട് രണ്ടാം ഘട്ടത്തില്‍ പബ്ജി അടക്കം ചൈനീസ് ബന്ധമുള്ള ഏതാനും ആപ്പുകള്‍ക്ക് കൂടെ കത്രികപ്പൂട്ട് വീണു. ഈ ആപ്ലിക്കേഷനുകള്‍ ഇന്ത്യയുടെ പരമാധികാരത്തിനും സമഗ്രതയ്ക്കും, ഇന്ത്യയുടെ പ്രതിരോധം, ഭരണകൂടത്തിന്റെ സുരക്ഷ, പൊതു ക്രമം എന്നിവയ്ക്ക് ഭീഷണിയായേക്കാം എന്നാണ് നിരോധിക്കാന്‍ കാരണമായത്.
ടിക് ടോക് ഉടമകാളായ ബൈറ്റ്ഡന്‍സിന് ഇന്ത്യയില്‍ ഏകദേശം 2000 ജീവനക്കാരുണ്ട്. അനിശ്ചിതത്വത്തിലായി ഇവരുടെ ജോലിയും ആപ്പിന്റെ തിരിച്ചുവരവോടെ സുരക്ഷിതമാവും. ആരെയും തങ്ങള്‍ പിരിച്ചു വിട്ടിട്ടില്ല എന്നും ജീവനക്കാര്‍ക്ക് ശമ്പള ബോണസും നല്‍കി എന്നും കമ്പനി അവകാശപ്പെടുന്നു.
സെപ്റ്റംബര്‍ മാസത്തിന്റെ തുടക്കത്തിലാണ് പബ്ജി അടക്കം 118 ചൈനീസ് ആപ്പുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് പബ്ജി മൊബൈല്‍, പബ്ജി മൊബൈല്‍ ലൈറ്റ് ആപുകള്‍ ഗൂഗിള്‍ പ്ലെ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തു. എങ്കിലും പബ്ജി ആരാധകര്‍ വിഷമിക്കേണ്ട. പബ്ജി തിരികെ എത്തുകയാണ്.
പബ്ജി കോര്‍പറേഷന്‍ ആണ് പുതിയ ഗെയിം ആയ ‘പബ്ജി മൊബൈല്‍ ഇന്ത്യ’യുടെ വരവ് പ്രഖ്യാപിച്ചത്. ഫ്രാഞ്ചൈസിയായ ചൈനയിലെ ഷെന്‍ഷെന്‍ ആസ്ഥാനമായുള്ള ടെന്‍സെന്റ് ഗെയിംസുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ചാണ് ദക്ഷിണ കൊറിയന്‍ കമ്പനിയായ പബ്ജി കോര്‍പറേഷന്‍ ഇന്ത്യയില്‍ രണ്ടാം വരവിന് തയ്യാറെടുക്കുന്നത്. ഇന്ത്യന്‍ വിപണിക്കായി പ്രത്യേകം തയ്യാറാക്കിയതാണ് പബ്ജി മൊബൈല്‍ ഇന്ത്യ എന്ന് കമ്പനി അവകാശപ്പെടുന്നു. പ്രാദേശിക ആവശ്യങ്ങളും, വികാരങ്ങളും മാനിച്ച് മാറ്റങ്ങള്‍ വരുത്തിയാണ് പബ്ജി മൊബൈല്‍ ഇന്ത്യ ഗെയിം അവതരിപ്പിക്കുക. കഥാപാത്രങ്ങളുടെ വസ്ത്രധാരണത്തിലും പശ്ചാത്തലത്തിലും ഈ മാറ്റങ്ങളുണ്ടാകും. ഒപ്പം ഡാറ്റ സുരക്ഷിതത്വത്തിന്റ കാര്യത്തില്‍ ഇന്ത്യന്‍ നിയമങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ടാണ് പബ്ജി മൊബൈല്‍ ഇന്ത്യയുടെ വരവ് എന്ന് പബ്ജി കോര്‍പറേഷന്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

Related Articles

Back to top button