കൊല്‍ക്കത്ത: ഒരു എംപികൂടി പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേരുന്ന സാഹചര്യം നീണ്ട മധ്യസ്ഥ ശ്രമത്തിലൂടെ പരിഹരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. തൃണമൂലില്‍ തന്നെ തുടരുമെന്നും തന്റെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടുവെന്നും നടിയും എംപിയുമായ ശതാബ്ദി റോയ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു.
ശനിയാഴ്ചത്തെ ഡല്‍ഹി യാത്ര റദ്ദാക്കിയെന്നും അവര്‍ വ്യക്തമാക്കി. ശനിയാഴ്ച രാവിലെ ഏഴിന് ഡല്‍ഹിയിലേക്ക് പോകാനായിരുന്നു അവര്‍ നിശ്ചയിച്ചിരുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്താനാണ് അവര്‍ ഡല്‍ഹിയിലേക്ക് പോകുന്നതെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഒരു സുപ്രധാന പ്രഖ്യാപനം നടത്തിയേക്കുമെന്ന സൂചന അവര്‍ തന്റെ ഫാന്‍ ക്ലബ്ബിന്റെ ഫെയ്സ്ബുക്ക് പേജിലൂടെ നേരത്തെ നല്‍കിയിരുന്നു. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍തന്നെ തുടരുമെന്ന ശതാബ്ദിയുടെ പ്രഖ്യാപനം.
ഡയമണ്ട് ഹാര്‍ബര്‍ എം.പി അഭിഷേക് ബാനര്‍ജിയുമായി നടത്തിയ ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് അവര്‍ പാര്‍ട്ടിയില്‍ തുടരുമെന്ന് വ്യക്തമാക്കിയിട്ടുള്ളത്. ‘താന്‍ തൃണമൂലിന് ഒപ്പമാണ്. പാര്‍ട്ടിയുമായുള്ള പ്രശ്നങ്ങള്‍ അഭിഷേക് ബാനര്‍ജി പരിഹരിച്ചു കഴിഞ്ഞു. തന്റെ ആത്മാഭിമാനം വീണ്ടെടുക്കാനായി. മമത ബാനര്‍ജിക്കു വേണ്ടിയാണ് താന്‍ രാഷ്ട്രീയത്തില്‍ എത്തിയത്. അവര്‍ക്കൊപ്പം തുടരും’ ശതാബ്ദി റോയ് പറഞ്ഞു.