ടോക്കിയോ: കൊറോണയുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച ഒളിമ്പിക്സ് അടുത്ത വര്‍ഷം നടത്താന്‍ തയാറാണെന്ന് ജപ്പാന്. ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ ജപ്പാന് പ്രധാനമന്ത്രി യോഷിഹിഡെ സുഗെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കൊറോണയെ അതിജീവിക്കുമെന്ന സന്ദേശവുമായി ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാന്‍ ജപ്പാന് തയാറാണ്. എല്ലാവരെയും ഒളിമ്പിക്സ് വേദിയിലേക്ക് സുരക്ഷിതമായി സ്വീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും യോഷിഹിഡെ പറഞ്ഞു. കൊറോണയെ തുടര്‍ന്ന് ഈ വര്‍ഷം ആദ്യമാണ് ഒളിമ്പിക് മത്സരങ്ങള്‍ മാറ്റിവയ്ക്കാന്‍ അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി തീരുമാനിച്ചിരുന്നത്.
ഒളിമ്പിക്സ് ഈ വര്‍ഷം തന്നെ നടത്തണമെന്ന നിലപാടായിരുന്നു ആദ്യം മുതല്‍ ജപ്പാന് സ്വീകരിച്ചത്. എന്നാല്‍ നിരവധി രാജ്യങ്ങളും കായിക താരങ്ങളും എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിച്ച് രംഗത്തു വന്നതോടെ ജപ്പാന് പ്രതിരോധത്തിലാവുകയായിരുന്നു. ലോക മഹായുദ്ധങ്ങളുടെ പശ്ചാത്തലത്തില്‍ ഒളിമ്പിക്സ് മത്സരങ്ങള്‍ ഇതിനു മുന്‍പ് റദ്ദാക്കിയിട്ടുണ്ടെങ്കിലും ചരിത്രത്തില്‍ ഇതാദ്യമായാണ് ഒളിമ്പിക്സ് മാറ്റി വെച്ചത്. ഈ വര്‍ഷം ജൂലൈ 24 മുതല്‍ ആഗസറ്റ് 9 വരെയായിരുന്നു ഒളിമ്പിക്സ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഈ വര്‍ഷം നിശ്ചയിച്ച പ്രകാരം തന്നെയാകും അടുത്ത വര്‍ഷവും മത്സരങ്ങള്‍ നടക്കുക.