LATESTNATIONAL

ട്രാക്ടര്‍ പരേഡ് റദ്ദാക്കാന്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഉത്തരവ് ഇറക്കാനാവില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: റിപ്പബ്‌ളിക് ദിനത്തില്‍ കര്‍ഷകള്‍ പ്രഖ്യാപിച്ചിരിക്കുന്ന ട്രാക്ടര്‍ പരേഡ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഉത്തരവ് ഇറക്കാനാവില്ലെന്ന് സുപ്രീം കോടതി. ഹര്‍ജി പിന്‍വലിക്കാന്‍ ഡല്‍ഹി പൊലിസിനോട് കോടതി ആവശ്യപ്പെട്ടു. ക്രമസമാധാന ചുമതല പൊലീസിനായതിനാല്‍ തീരുമാനമെടുക്കേണ്ടത് പൊലീസ് തന്നെയാണെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
ട്രാക്ടര്‍ പരേഡ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പോലീസ് ജോയിന്റ് കമ്മീഷണറാണ് സുപ്രീം കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കിയത്. ഡല്‍ഹിയില്‍ ആര് പ്രവേശിക്കണം, പ്രവേശിക്കരുത് എന്ന് തീരുമാനിക്കാന്‍ ഡല്‍ഹി പൊലീസിന് അധികാരമുണ്ടെന്നായിരുന്നു കോടതി നേരത്തെ വ്യക്തമാക്കിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ കര്‍ഷക സംഘനകളുമായി ഡല്‍ഹി പൊലീസ് ചര്‍ച്ച നടത്തിയിരുന്നു.
ഡല്‍ഹി ഔട്ടര്‍ റിങ് റോഡില്‍ ട്രാക്ടര്‍ റാലിക്ക് അനുമതി നല്‍കണമെന്നാണ് കര്‍ഷക നേതാക്കള്‍ ഡല്‍ഹി പൊലീസിനോട് ആവശ്യപ്പെട്ടത്. റാലി സമാധാനപരമായിരിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. എന്നാല്‍ ഗതാഗത കുരുക്ക് അടക്കമുളള പ്രതിസന്ധി ഡല്‍ഹി പൊലിസും വ്യക്തമാക്കി. കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ രൂപീകരിച്ച സമിതി അംഗങ്ങളെ പിരിച്ചു വിടണമെന്ന ഹര്‍ജിയും സുപ്രീം കോടതി പരിഗണിച്ചു.
സമിതിക്ക് മുന്നില്‍ ഹാജരാക്കാന്‍ ആരേയും നിര്‍ബന്ധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. സമിതി അംഗങ്ങളെ പൊതുജനാഭിപ്രായവും മാധ്യമ വാര്‍ത്തകളും അടിസ്ഥാനമാക്കി വിലയിരുത്തരുത്. വിഷയം ചര്‍ച്ച ചെയ്യുന്നതിനാണ് സമിതിയെന്നും തീരുമാനമെടുക്കാനുള്ള അധികാരം സമിതിക്ക് നല്‍കിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി.

Related Articles

Back to top button