തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രത്യേക സര്‍വീസായി കേരളത്തിലൂടെ ഓടിക്കൊണ്ടിരുന്ന മൂന്ന് സ്പെഷ്യല്‍ ട്രെയിനുകളില്‍ റദ്ദാക്കി. ട്രെയിനുകള്‍ ശനിയാഴ്ച മുതല്‍ കേരളത്തില്‍ ഓടില്ല. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി, കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദി, വേണാട് എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കുന്നത്. മതിയായ യാത്രക്കാരില്ലാത്തതിനാലാണ് റെയില്‍വേയുടെ തീരുമാനം. ലോക്ക്ഡൗണ്‍ സാഹചര്യത്തിലാണ് പ്രത്യേക സര്‍വീസ് ഏര്‍പ്പെടുത്തിയത്. ഇവയുള്‍പ്പെടെ രാജ്യത്ത് ഏഴ് ട്രെയിനുകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സര്‍വീസ് നടത്തില്ലെന്ന് റെയില്‍വേ വ്യക്തമാക്കി.
ലോക്ഡൗണ്‍ ഇളവില്‍ സംസ്ഥാനത്തിനകത്ത് യാത്രചെയ്യുന്നവര്‍ക്ക് ആശ്രയമായിരുന്നത് ഈ മൂന്ന് ട്രെയിന്‍ സര്‍വീസുകളാണ്. 25 ശതമാനത്തില്‍ കുറവ് യാത്രക്കാരുള്ള ട്രെയിനുകള്‍ റദ്ദാക്കിയ കൂട്ടത്തിലാണ് റെയില്‍വേ ഈ ട്രെയിനുകളെ ഉള്‍പെടുത്തിയത്. കോഴിക്കോട് ജനശതാബ്ദി ട്രെയിന്‍ 50 ശതമാനം വരെ യാത്രക്കാരെയുമായാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഓടിയത്. ഓണത്തിന് മുന്‍പുള്ള കണക്കുപ്രകാരമാണ് റെയില്‍വേ ട്രെയിന്‍ റദ്ദാക്കിയത്.
രോഗികള്‍ ഉള്‍പെടെയുള്ളവരെയും സാധാരണക്കാരെയുമാണ് ട്രെയിന്‍ റദ്ദാക്കുന്നത് കാര്യമായി ബാധിക്കുക. ലോക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കാതെ കേരളത്തില്‍ ട്രെയിന്‍യാത്ര സാധ്യമല്ലെന്ന സാഹചര്യമാണ് നിലവിലുള്ളത്. റെയില്‍വേയുടെ തീരുമാനത്തിനെതിരെ യാത്രക്കാരുടെ ഭാഗത്തുനിന്ന് കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് എം.പി എം.കെ. രാഘവന് റെയില്‍വേക്ക് കത്തെഴുതിയിട്ടുണ്ട്.