കൊച്ചി: കേരളത്തില്‍ ഇനി ഡബിള്‍ ഡെക്കര്‍ ട്രെയിനുകളും. ദീര്‍ഘദൂര പകല്‍ യാത്രകള്‍ക്കായി ഡബിള്‍ ഡെക്കര്‍ ട്രെയിനുകള്‍ കേരളത്തില്‍ യാത്രയ്ക്കൊരുങ്ങുന്നു. ചെന്നൈ-തിരുവനന്തപുരം റൂട്ടില്‍ ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ ഓടിക്കാനാണ് റെയില്‍വേ ശ്രമിക്കുന്നത്. ഇപ്പോള്‍ നിലവിലുള്ള കോയമ്പത്തൂര്‍-ബെംഗളൂരു ട്രെയിന്‍ കേരളത്തിലേക്കു നീട്ടുന്നതും റെയില്‍വേയുടെ പരിഗണനയിലാണ്.
കേരളത്തിലെ റെയില്‍വേ ട്രാക്കുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ മാസങ്ങള്‍ക്കു മുന്‍പ് ഡബിള്‍ ഡെക്കര്‍ ഓടിച്ചിരുന്നു. എന്നാല്‍ ചില സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമില്‍ ട്രെയിന്‍ ഉരസുന്നതു കണ്ടെത്തിയതിനെ തുടര്‍ന്നാണു പ്ലാറ്റ്ഫോം ചെറുതായി വെട്ടിയൊരുക്കാന്‍ റെയില്‍വേ എന്‍ജിനീയറിങ് ജീവനക്കാരുടെ നേതൃത്വത്തില്‍ പണി നടക്കുന്നത്.
ഡബിള്‍ഡെക്കര്‍ ട്രെയിനുകള്‍, സാധാരണ ട്രെയിനിനെക്കാള്‍ വലുപ്പത്തില്‍ വ്യത്യാസപ്പെട്ടാണ് ഇരിക്കുന്നത്. അതിനാല്‍ നിലവിലെ പ്ലാറ്റ്ഫോമിന്റെ വലുപ്പം 3ഇഞ്ച് വരെ കുറക്കുകയാണ് ജീവനക്കാര്‍ ചെയ്യുന്നത്. മധുക്കര മുതല്‍ ഒറ്റപ്പാലം വരെയാണ് ഇപ്പോള്‍ പണി പുരോഗമിക്കുന്നത്. സാധാരണ ട്രെയിനുകളെക്കാള്‍ 40 ശതമാനം അധികം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഡബിള്‍ ഡെക്കര്‍ ട്രെയിനായ ഉദയ് എക്സ്പ്രസ് കേരളത്തിന് പുറത്ത് സര്‍വീസ് നടത്തുന്നുണ്ട്.