LATESTNATIONAL

സ്ത്രീവേഷം കെട്ടി ഭിക്ഷ യാചിച്ച യുവാവിനെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ മര്‍ദിച്ച് കൊലപ്പെടുത്തി

ബെംഗളൂരു: സ്ത്രീവേഷം കെട്ടി ഭിക്ഷയാചിച്ച യുവാവിനെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചുകൊന്നു. ബെംഗളൂരു നൈസ് റോഡില്‍ 14നാണ് രാമനഗര സ്വദേശിയായ രാജേന്ദ്രകുമാറിനെ ( 32) മരിച്ചനിലയില്‍ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ വാഹനാപകടമാണെന്നായിരുന്നു പോലീസിന്റെ നിഗമനം.
മൃതദേഹപരിശോധനയില്‍ യുവാവിന് മര്‍ദനമേറ്റതായി കണ്ടെത്തിയതോടെ വിശദമായ അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്ന് നൈസ് റോഡിന് സമീപത്ത് താമസിച്ചുവരുന്ന ദേവി എന്ന അശോക് കുമാര്‍ (26), നിത്യ എന്ന രാമകൃഷ്ണ (24), ഭാവന എന്ന അബ്ദുള്‍ ( 31) എന്നിവര്‍ പിടിയിലായി.
ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന വ്യാജേന തങ്ങളുടെ പ്രദേശത്ത് രാജേന്ദ്രകുമാര്‍ ഭിക്ഷയാചിച്ചതാണ് ട്രാന്‍സ്‌ജെന്‍ഡറുകളെ പ്രകോപിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. തയ്യല്‍ത്തൊഴിലാളിയായ രാജേന്ദ്രകുമാര്‍ കൂടുതല്‍ വരുമാനം ലഭിക്കുന്ന തൊഴില്‍തേടിയാണ് 20 ദിവസംമുമ്പ് ബെംഗളൂരുവിലെത്തിയത്. സമാനമായി സ്ത്രീവേഷം കെട്ടി ഭിക്ഷയാചിക്കുന്ന സംഘത്തോടൊപ്പം ഇയാള്‍ ചേരുകയായിരുന്നു. നൈസ് റോഡിന് സമീപം ഭിക്ഷയാചിക്കുന്നത് പ്രദേശത്തെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ നേരത്തേ വിലക്കിയിരുന്നു. തങ്ങളുടെ വരുമാനം കുറയുന്നതാണ് കാരണമായി ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
എന്നാല്‍, 14ന് രാത്രി രാജേന്ദ്രകുമാര്‍ വീണ്ടും പ്രദേശത്ത് ഭിക്ഷയാചിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഇയാളെ ബലമായി പിടികൂടി തങ്ങളുടെ വീട്ടിലെത്തിക്കുകയായിരുന്നു. വിഗ്ഗ് ഇളകിവന്നതോടെ സ്ത്രീവേഷം കെട്ടിയത് പുരുഷനാണെന്ന് വ്യക്തമായതിനെത്തുടര്‍ന്ന് ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഇയാളെ മര്‍ദിച്ചു. ഗുരുതരമായി പരിക്കേറ്റ രാജേന്ദ്രകുമാര്‍ പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു. പിന്നീട് ട്രാന്‍സ്‌ജെന്‍ഡറുകള്‍ മൃതദേഹം നൈസ് റോഡിന് സമീപത്ത് ഉപേക്ഷിച്ചു. രാജേന്ദ്രകുമാറിനൊപ്പം സ്ത്രീവേഷംകെട്ടി നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ഭിക്ഷയാചിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പോലീസ് അറിയിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker