തൃശൂര്‍: തൃശൂരില്‍ ട്രാന്‍സ്ജെന്‍ഡര്‍മാര്‍ ഡിഐജി ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. അനാവശ്യമായി പൊലീസ് ഉപദ്രവിക്കുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം. താമസ സ്ഥലങ്ങളിലടക്കം പിന്തുടര്ന്ന് ബുദ്ധിമുട്ടിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ഡിഐജിക്ക് പരാതി നല്കി.
കഴിഞ്ഞ കുറച്ച് നാളുകളായി നിരന്തരമായി പൊലീസ് തങ്ങളെ പിന്തുടര്ന്ന് ഉപദ്രവിക്കുന്നതയി ദൃശ്യങ്ങള്‍ സഹിതം ചൂണ്ടി കാണിച്ചാണ് ട്രാന്‍സ്ജെന്‍ഡര്‍മാരുടെ പരാതി. താമസിക്കുന്ന സ്ഥലത്ത് നിന്നും ബലമായി ഇറക്കിവിട്ടതായും ഇവരില്‍ ചിലര്‍ പരാതിപ്പെടുന്നു.
ഈസ്റ്റ് സിഐ ലാല്‍കുമാറിനെയും , എസ്ഐ ഷിനോജിനെയും സര്‍വീസില്‍ നിന്ന് പിരിച്ച് വിടുക, വകുപ്പ് തല അന്വേഷണം നടത്തി നടപടി സ്വീകരിക്കുക, ട്രാന്സ്ജെന്റര് വ്യക്തികള്‍ക്ക് നേരെയുള്ള പൊലീസിന്റെ കാടത്തം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ മാര്‍ച്ച് ഡിഐ ജി ഓഫീസിന് സമീപം പൊലീസ് തടഞ്ഞു.
സംഭവത്തില്‍ ഉടന്‍ നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ട് ഡിഐജിക്കും, സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.