LATESTNATIONAL

വേപ്പ് മരം മുറിച്ച വീട്ടുകാരന് 62000 രൂപ പിഴ ചുമത്തി വനംവകുപ്പ്

ഹൈദരാബാദ്: വീടിന് സമീപത്തെ വലിയ മരം മുറിച്ച് നീക്കിയ ആള്‍ക്ക് പിഴ. ഹൈദരാബാദ് സൈദാബാദ് സ്വദേശി ജി.സന്തോഷ് റെഡ്ഡിക്കാണ് തെലങ്കാന വനംവകുപ്പ് 62,075 രൂപ പിഴ ചുമത്തിയത്. പുതിയ വീടിന്റെ നിര്‍മ്മാണത്തിന് തടസ്സം സൃഷ്ടിക്കുന്നുവെന്ന കാരണാത്താലാണ് പ്രദേശത്ത് നിന്നിരുന്ന നാല്‍പ്പത് വര്‍ഷത്തോളം പഴക്കമുള്ള വേപ്പ് മരം റെഡ്ഡി ഒറ്റരാത്രി കൊണ്ട് മുറിച്ച് നീക്കിയത്.
പ്രകൃതി സ്‌നേഹിയായ ഒരു എട്ടാംക്ലാസ് വിദ്യാര്‍ഥി നല്‍കിയ വിവരം അനുസരിച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സംഭവം സ്ഥിരീകരിച്ച് ഇയാക്കെതിരെ പിഴ ചുമത്തിയത്. ‘പുതിയ വീടിന്റെ നിര്‍മ്മാണത്തിന് തടസം എന്ന് പറഞ്ഞാണ് സന്തോഷ് റെഡ്ഡി മരം മുറിച്ച് നീക്കിയത്. വലിയ ഒരു മരം മുറിച്ച് മാറ്റപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ട ഒരു എട്ടാം ക്ലാസുകാരന്‍ വനംവകുപ്പിന്റെ ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ‘ഗ്രീന്‍ ബ്രിഗേഡിയര്‍’ എന്ന് സ്വയം പരിചയപ്പെടുത്തിയ ആ വിദ്യാര്‍ഥി, മരം വെട്ടി മാറ്റലിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യപ്പെട്ടത്’. ഹൈദരാബാദ് ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ എം.ജോജി അറിയിച്ചു.
മരം മുറിച്ച് മാറ്റിയ ശേഷം തെളിവുകള്‍ നശിപ്പിക്കാനും റെഡ്ഡി ശ്രമിച്ചിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. സംശയം ഒഴിവാക്കുന്നതിനായി മരത്തിന്റെ ശിഖരങ്ങളും മറ്റും കത്തിച്ചു കളയാനുള്ള ശ്രമമാണ് നടന്നത്. എന്നാല്‍ കയ്യോടെ പിടിക്കപ്പെട്ട ഇയാള്‍ പിഴത്തുക അടയ്ക്കുകയും ചെയ്തു. സംഭവത്തില്‍ ഉത്തരവാദിത്തപരമായ പെരുമാറിയ വിദ്യാര്‍ഥിയെ പ്രത്യേകം അഭിനന്ദിക്കാനും വനംവകുപ്പ് അധികൃതര്‍ മറന്നിരുന്നില്ല.
ഒഴിവാക്കിയത്/ ഒഴിവാക്കാത്തത് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായാണ് തെലങ്കാനയില്‍ മരങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ഏത് വിഭാഗത്തില്‍പ്പെട്ട മരങ്ങള്‍ മുറിച്ചു നീക്കുന്നതിനും വനം വകുപ്പിന്റെ അനുമതി ആവശ്യമാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker